May 23, 2008

ഇന്നമ്മമാര്‍- I



























ന്നമ്മ - ആ വാക്കിന്‌ മുലപ്പാലിന്റെ മാധുര്യമുണ്ട്‌, ആ ഓര്‍മ്മകള്‍ക്ക്‌ കാരിരുമ്പിന്റെ കരുത്തും.


പിറന്നുവീണപ്പോഴേ അസുഖക്കാരിയായ ഒരു കുട്ടി മരണത്തെ അധിജീവിക്കുമെന്നോ ജീവിതത്തിലേക്ക്‌ കാലൂന്നി നടക്കാന്‍ പഠിക്കുമെന്നോ അധികമാരും പ്രതീക്ഷിച്ചിരുന്നില്ല, ഡോക്ടര്‍മാര്‍ പോലും.


ഒരമ്മയുടെ സ്‌നേഹം മാത്രം പോരാ ഇവള്‍ക്കെന്നു തോന്നിയതുകൊണ്ടാവാം ഈശ്വരന്‍ രണ്ട്‌ അമ്മമാരേ കൂടി ഇവള്‍ക്കേകിയത്‌. ഒരു രക്തബന്ധവുമില്ലാത്ത, അയല്‍വാസികളും വിധവകളും സഹോദരിമാരുമായ രണ്ടു സ്‌ത്രീകള്‍. എല്ലാവരും അവരെ ഇന്നമ്മമാര്‍ എന്നു വിളിച്ചു. തിരിച്ചറിയാനായി വലിയ ഇന്നമ്മയെന്നും ചെറിയ ഇന്നമ്മയെന്നും..... വലിയ ഇന്നമ്മക്ക്‌ ചെറിയ ചില മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക്‌ കൂട്ടാവാന്‍ വേണ്ടി ജീവിതത്തിന്റെ വസന്തകാലങ്ങളെ ത്യജിച്ചതാണ്‌ ചെറിയ ഇന്നമ്മ.


കൊല്ലപ്പണിയായിരുന്നു ഇന്നമ്മമാരുടെ കുലത്തൊഴില്‍. വലിയ ഇന്നമ്മ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. ചെറിയ ചെറിയ മൂളലുകളില്‍, തലകുലുക്കലുകളില്‍ പൂര്‍ണ്ണമല്ലാത്ത വാക്കുകളില്‍ അവര്‍ തനിക്കു പറയാനുള്ളതൊതുക്കി. ആ വായില്‍ എപ്പോഴും വെറ്റില മുറുക്കായിരുന്നു. ചവച്ച്‌... ചവച്ച്‌... അങ്ങിനെ. എന്ത്‌ എപ്പോള്‍ ചെയ്യുമെന്നറിയാത്ത അവരുടെ പെരുമാറ്റ രീതികളെ എനിക്കല്‍പം ഭയമായിരുന്നു.


എന്നാല്‌ ചെറിയ ഇന്നമ്മ - സ്‌നേഹമായിരുന്നു അവര്‍, ജ്വലിക്കുന്ന നന്മ. നാട്ടിലാരെങ്കിലും അവരോടു ശത്രുത പുലര്‍ത്തിയതായി എനിക്കറിയില്ല. എല്ലാവരും അവരെ ഏറെ ഇഷ്ടപ്പെട്ടു.


മണ്ണുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ കുടിലിലായിരുന്നു അവരുടെ താമസം.. ഓടു മേഞ്ഞ ഒരു മുറിയും അടുക്കളയും കോലായയും മാത്രമുള്ള ആ കുഞ്ഞു വീടും പണിശാലയും. (കരുവാന്റെ ഉല) അവരുടെ അച്ഛനമ്മമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചുടലയും വലിയൊരു പുളിമരവും പ്രാവുകല്‍ കുറുകുന്ന വലിയ മാളങ്ങളുള്ള ഒരു കിണറും വീടിനു ചുറ്റും കാച്ചിലും ചേനയും കുരുമുളകും നിറഞ്ഞുനില്‍ക്കുന്ന പത്തു സെന്റ്‌ സ്ഥലവും - അതായിരുന്നു ഇന്നമ്മമാരുടെ ലോകം.


ആ കുഞ്ഞു ലോകത്ത്‌ അവര്‍ സന്തോഷവതികളായിരുന്നു. അവരുടെ കൈ കൊണ്ടു പണിത ഇരുമ്പായുധങ്ങള്‍ക്ക്‌ എന്നും മൂര്‍ച്ഛ കൂടുതലായിരുന്നു. അടുത്ത ഗ്രാമങ്ങില്‍ നിന്നുപോലും ആളുകള്‍ ആയുധം പണിയാന്‍ അവരെ തേടിയെത്തിയിരുന്നു.


ഇന്ന്‌ ടാറിട്ട റോഡായി മാറിയ തറവാടു വീടിന്റെ കിഴക്കേ മുറ്റം അവസാനിക്കുന്നിടം അന്നൊരു ഇടവഴിയിലായിരുന്നു. ആ ഇടവഴി കടന്നാല്‍ ഒരു മുള്ളു വേലി. എനിക്ക്‌ നൂണ്ടു പോവാന്‍ പാകത്തില്‍ ആ വേലി പൊളിച്ചൊതുക്കി തന്നതും ഇന്നമ്മമാരായിരുന്നു.


തറവാടൂ വീട്ടിലെന്നും കൃഷിയും കൊയ്‌ത്തും മെതിയുമൊക്കെയായി ബഹളമായിരുന്ന കാലം. മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന കറ്റകള്‍ക്കിടയില്‍ ഞാന്‍ ഒളിച്ചുകളിക്കാന്‍ തുടങ്ങിയപ്പോള്‍, മുട്ടിലിഴഞ്ഞ്‌ വീടും മുറ്റവും അളന്നെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇടക്കിടക്ക്‌ കറ്റകള്‍ക്കിടയില്‍ എന്നെ കാണാതായപ്പോള്‍.... പണിക്കാരും പശുക്കളും കാളകളും വീട്ടുജോലിയും എല്ലാം കൂടി അമ്മയെ വട്ടു പിടിപ്പിക്കുമ്പോഴാവും എന്റെയീ ഒളിച്ചുകളികള്‍. വേലിക്കരികില്‍ നിന്ന്‌ അമ്മ ഇന്നമ്മമാരെ വിളിച്ച്‌ എന്നെ അവരെ ഏല്‍പിക്കും. അവര്‍ക്കു സന്തോഷം മാത്രം. മക്കളില്ലാത്ത അവര്‍ക്ക്‌ കൊഞ്ചിക്കാന്‍ ഒരാള്‍... ആ കുഞ്ഞു വീടിന്റെ ചാണകമെഴുതിയ മുറ്റത്ത്‌, കരി തേച്ച തിണ്ണകളില്‍... മുട്ടിലിഴഞ്ഞ്‌... എണീറ്റ്‌... വീണ്‌... അങ്ങിനെ ഞാന്‍ നടക്കാന്‍ പഠിച്ചു. വൈകുന്നേരമാവുമ്പോഴേക്കും കരിക്കുട്ടിയായ എന്നെ കുളിപ്പിച്ച്‌ പൊട്ടു തൊടുവിച്ച്‌ അവര്‍ അമ്മയെ തിരിച്ചേല്‍പിക്കും. പിറ്റേന്നു കാലത്ത്‌ വീണ്ടും എന്നെ മേയ്‌ക്കലാവും അവരുടെ ജോലി. ഒരമ്മയുടെ നിഷ്‌കര്‍ഷതയോടെ അവരെല്ലാം ചെയ്‌തു.


പരുക്കന്‍ ഇരുമ്പിനെ തീയില്‍ പഴുപ്പിച്ച്‌ അടിച്ച്‌ പതം വരുത്തി ഉപയോഗ്യയോഗ്യമാക്കുന്ന രാസവിദ്യ നോക്കി ആ കരുവാത്തികളുടെ ഉലയില്‍ ഒരു വഴക്കാളികുട്ടിയുടെ ഉടുപ്പിട്ടൊരു കാലം. പതിയെ ആ പണിയില്‍ ഒരു കൈ സഹായിയായി. ഉല കറക്കാനും കനലിട്ട്‌ തീ കത്തിക്കാനും.... എല്ലാം. ചുട്ടു പഴുത്ത ഇരുമ്പിനെ വെള്ളത്തില്‍ മുക്കിയെടുക്കുമ്പോഴുള്ള ആ സ്വരം. അതെന്റെ പ്രിയ ശബ്ദങ്ങളില്‍ ഒന്നായി പതിഞ്ഞുപോയി. മനുഷ്യനവന്റെ അഹങ്കാരത്തിന്റെ ഉച്ചിയില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളുടെ ആഴങ്ങളിലേക്ക്‌ പതിക്കുമ്പോഴും ചിലപ്പോള്‍ അങ്ങിനെയൊരു ശബ്ദമുണ്ടാവാം എന്ന്‌ എന്റെ മനസ്സില്‍ എഴുതി പോയതും അന്നാവാം. (ഇപ്പോഴും ഞാന്‍ കിനാവു കാണാറുണ്ട്‌ എന്റെ മൊബൈല്‍ ഫോണില്‍ അങ്ങിനെയൊരു റിംഗ്‌ടോണ്‍ ഉണ്ടായിരുന്നുവെങ്കില്‍, വലിയ ഗൗരവക്കാരായ, എന്നാല്‍ ഏറെ പ്രിയപ്പെട്ട എന്റെ ചങ്ങാതികളുടെ കോളുകള്‍ എന്നിലെത്തുക ആ ശബ്ദത്തിലായിരിക്കണമെന്ന്‌)


വൈധവ്യത്തേയും വാര്‍ദ്ധക്യത്തേയും വകവെക്കാതെ, ഇരുമ്പിനെപോലും മെരുക്കിയെടുക്കാന്‍ ശീലിച്ച, മരണം വരേയും ഒരാള്‍ക്കു മുന്നിലും തല കുനിക്കാതെ സ്വന്തം കാലില്‍ ഊന്നി നിവര്‍ന്നു നടന്ന ആ കരുവാത്തികളുടെ ധൈര്യം കൈവരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്‌ ഒരായിരം തവണ ഞാന്‍ കൊതിച്ചിട്ടുണ്ട്‌. ലോകം അറിയാന്‍ തുടങ്ങിയ ആ ബാല്യ നാളുകളില്‍ എന്റെ കണ്ണുകളില്‍ പതിഞ്ഞ രൂപം അവരുടേതായതിനാലാവാം പിന്നീട്‌ ചരിത്ര താളുകളില്‍ വായിച്ച്‌ മനസ്സില്‍ കുടിയേറിപോയ വീര നായികമാരായ ഝാന്‍സിറാണിയുടേയും ഉണ്ണിയാര്‍ച്ചയുടേയുമൊക്കെ മുഖം ഇന്നമ്മമാരുടേതായിരുന്നു.


പതിനാലു വര്‍ഷത്തോളം ആ സ്‌നേഹതണലില്‍.... വീട്ടില്‍ നിന്നും വഴക്കടിച്ചാല്‍ ഓടിചെല്ലാന്‍ അന്നൊരിടം മാത്രമെ ഉണ്ടായിരുന്നുള്ളു എനിക്ക്‌. അതവിടെയായിരുന്നു. ഒരു മുള്‍വേലിക്കപ്പുറം സ്‌നഹം മാത്രം നിറച്ചു വിളമ്പിതരുന്ന രണ്ടമ്മമാര്‍... ആ ആശ്വാസത്തിന്‌ ആകാശത്തോളം വ്യാപ്‌തിയുണ്ടായിരുന്നു.


മുള്ളു വേലി നൂണ്ട കൂട്ടി പിന്നെ വേലി കവച്ചുവെക്കാന്‍ പഠിച്ചു... പിന്നെപ്പോഴോ വേലി എടുത്തു ചാടാന്‍ തുടങ്ങി... കാലം ചെന്നതോടെ വേലി തന്നെ പൊളിച്ചു കയ്യില്‍ കൊടുത്തു. വഴക്കോ പിണക്കമോ കൂടാതെ ഇന്നമ്മമാര്‍ കാത്തിരുന്നു, സ്‌കൂള്‍ വിട്ടു വരുന്ന എന്റെ വിശേഷങ്ങള്‍ക്കായി.... മണ്‍കലത്തില്‍ പാകം ചെയ്‌തു വെക്കുന്ന അവരുടെ ആഹാരങ്ങള്‍ക്ക്‌ എന്നും പ്രത്യേക രുചിയായിരുന്നു. ഫ്രൈഡ്‌ റൈസിനേക്കാളും ചിക്കന്‍ കടാരിയേക്കാളുമൊക്കെ സ്വാദുണ്ടായിരുന്നു ഇന്നമ്മമാരുണ്ടാക്കുന്ന കഞ്ഞിക്കും പയറുപ്പേരിക്കും, ചുട്ടെടുത്ത മുളകു ചമ്മന്തിക്കും ഒക്കെ. സ്‌നേഹത്തിന്റെ രുചിഭേദങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത്‌ ആ മണ്‍രുചികള്‍ തന്നെ.


സ്‌നേഹത്തിന്‌ രുചിയുണ്ടെന്ന്‌, മധുരമുണ്ടെന്ന്‌, മണമുണ്ടെന്നൊക്കെ അറിഞ്ഞു തുടങ്ങിയത്‌ അക്കാലത്തു തന്നെ. ആരൊക്കെയോ എന്നെ സ്‌നേഹിക്കാന്‍ മറന്നപ്പോഴും അവര്‍ മാത്രം മറന്നില്ല. ഇന്നമ്മമാരുടെ വെറ്റില ചെല്ലത്തിന്റെ, വെറ്റിലയും അടക്കയും ചേര്‍ത്ത്‌ ഇടിച്ചെടുക്കുന്ന ഇടിമുട്ടിയുടെ ഒക്കെ വാസന ഇപ്പോഴും മൂക്കില്‍ തങ്ങി നില്‍ക്കുകയാണ്‌. അതിനേക്കാള്‍ ഹൃദയത്തെ കീഴടക്കിയ ഒരു മണവും. ഞാന്‍ പിന്നീടറിഞ്ഞിട്ടില്ല. ലേഡീസ്‌ സ്റ്റോറിലെ ഒരു പെര്‍ഫ്യൂമും അതിനോളം എന്നെ കൊതിപ്പിച്ചിട്ടുമില്ല. അതു വാല്‍സല്യത്തിന്റെ മണമാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. ഇന്നമ്മമാരോട്‌ ബന്ധപ്പെട്ട ഓര്‍മ്മകള്‍ക്കെല്ലാം എന്നും ഒരു നക്ഷത്ര ശോഭയുണ്ട്‌.....

13 comments:

കാവലാന്‍ said...

"സ്‌നേഹത്തിന്‌ രുചിയുണ്ടെന്ന്‌, മധുരമുണ്ടെന്ന്‌, മണമുണ്ടെന്നൊക്കെ അറിഞ്ഞു തുടങ്ങിയത്‌ അക്കാലത്തു തന്നെ"

ശരിയാണ് ഇപ്പൊഴും സ്നേഹമുണ്ട് പക്ഷേ നിറവും മണവുമുണ്ടോ എന്നു ചോദിച്ചാല്‍............
ഉപാധികളില്ലാത്ത,കലര്‍പ്പില്ലാത്ത തെളിനീരു പോലെ കുളിര്‍മ്മയുള്ള നിഷ്കളങ്കമായ അത്തരം സ്നേഹബന്ധങ്ങള്‍ നിലനിര്‍ത്തപ്പെടാന്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്വമില്ലേ എന്നൊരു ചോദ്യം കൂടി ഉയര്‍ന്നു വരുന്നു വായിച്ചു നോക്കിയപ്പോള്‍.

കണ്ണൂരാന്‍ - KANNURAN said...

ഇനിയും എഴുതൂ, നാം കാണാതെ പോകുന്ന, നോക്കാതെ പോവുന്ന ആളുകളെക്കുറിച്ച്..

അധിജീവിക്ക അല്ല അതിജീവിക്ക

ബഷീർ said...

നന്നായി വിവരിച്ചിട്ടുണ്ട്‌.. ഇന്നമ്മമാരുടെ സ്നേഹം താറിട്ട റോഡ്‌.. ടാറിട്ട എന്നല്ലേ ?
OT
അനുജത്തിയുടെ മകള്‍ ഇന്നമ്മ എന്നാണു വിളിക്കാറ്‌..

ഡി .പ്രദീപ് കുമാർ said...

ഇന്നമ്മമാരുടേത് സ്നേഹതിന്റെ മാധുര്യമുള്ള കഥയാണു.ജീവിതത്തില്‍ നിന്നുള്ള ഇത്തരം ഒന്നാംതരം കഥകള്‍ ഇനിയും എഴുതുമെല്ലൊ.

asdfasdf asfdasdf said...

വാല്‍സല്യത്തിന്റെ മണമാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. ഇന്നമ്മമാരോട്‌ ബന്ധപ്പെട്ട ഓര്‍മ്മകള്‍ക്കെല്ലാം എന്നും ഒരു നക്ഷത്ര ശോഭയുണ്ട്‌..... ..
ഇനിയൂം എഴുതൂ.

വേണു venu said...

ഇരുമ്പിനെ വെള്ളത്തില്‍ മുക്കിയെടുക്കുമ്പോഴുള്ള ആ സ്വരം. അതെന്റെ പ്രിയ ശബ്ദങ്ങളില്‍ ഒന്നായി പതിഞ്ഞുപോയി. മനുഷ്യനവന്റെ അഹങ്കാരത്തിന്റെ ഉച്ചിയില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളുടെ ആഴങ്ങളിലേക്ക്‌ പതിക്കുമ്പോഴും ചിലപ്പോള്‍ അങ്ങിനെയൊരു ശബ്ദമുണ്ടാവാം എന്ന്‌ എന്റെ മനസ്സില്‍ എഴുതി പോയതും അന്നാവാം.

വളരെ ഇഷ്ടപ്പെട്ടു എന്നറിയിക്കട്ടെ.
അക്ഷര തെറ്റുകളെ ശ്രദ്ധിക്കു. എഴുതൂ ഇനിയും.ആശംസകള്‍‍:)

മുസാഫിര്‍ said...

ഇന്നമ്മമാരുടെ ഓര്‍മ്മക്കുറിപ്പ് ജീ‍വസ്സുറ്റതായി ആമി.

നിലാവര്‍ നിസ said...

നന്നായിട്ടുണ്ട് ആമീ..

തിരിച്ചു വന്നൂ... ല്ലേ..

ശ്രീ said...

നല്ല എഴുത്ത്, ആമീ...
പക്ഷേ പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ.

ഏട്ടാശ്രീ.... said...

idikkattayepple vallothoru gandamundu ezhuthinu......

Mintos said...

:)

മാണിക്യം said...

വലിയ ഇന്നമ്മയും ചെറിയ ഇന്നമ്മയും ...
എന്നെന്നും മനസ്സില്‍ ജീവിക്കും ....

കുഞ്ഞൂസ് (Kunjuss) said...

മാണിക്യം ചേച്ചിയുടെ ബ്ലോഗില്‍ ശ്രീയുടെ കമന്റിലെ ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്.മനസ്സില്‍ എന്നും ഓര്‍മ്മിക്കാന്‍ ഇന്നമ്മമാര്‍ ഉള്ളത് കൊണ്ട് തന്നെ ഈ വലിയ ഇന്നമ്മയെയും ചെറിയ ഇന്നമ്മയെയും ഒത്തിരി ഇഷ്ടായി....
തുടര്‍ന്നും ഓര്‍മ്മകള്‍ പങ്കു വെക്കുമല്ലോ....