Jun 3, 2008

ഇന്നമമമാര്‍ -II


.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഒരു വിഷുക്കാലം മനസ്സിലിന്നും ആര്‍ദ്രതയോടെ നിറഞ്ഞു നില്‍ക്കുന്നു. ഞാനും അനിയത്തിയും അനിയനും കൂടെ ഒരു വിഷുക്കണി ഒരുക്കി. അലാറം വെച്ച്‌ പുലര്‍ച്ചക്കുതന്നെ എണീറ്റ്‌ അടുത്ത വീടുകളിലെല്ലാം കണി കാണിക്കാന്‍ പോയി. ഇന്നമ്മമാര്‍ക്കായിരുന്നു ആദ്യ കണി. അതും തീര്‍ത്തും സര്‍പ്രൈസ്‌ ആയി. തലേന്ന്‌ ഇന്നമ്മമാരുടെ വീട്ടിലെ മാവില്‍ നിന്നടര്‍ത്തിയെടുത്ത മാങ്ങയും കടച്ചക്കമരത്തില്‍ നിന്നൊടിച്ച കടച്ചക്കയും പടിഞ്ഞാറ്റിയിലെ കൃഷ്‌ണവിഗ്രഹവും ലീല തമ്പുരാട്ടി പറഞ്ഞുതന്ന അഷ്ടമംഗല്യകൂട്ടും വാല്‍ണ്ണാടിയും കണി വെള്ളരിയും കോടിയും സ്വര്‍ണ്ണവുമൊക്കെ വെച്ച്‌ ഞങ്ങളൊരുക്കിയ കണി ഇന്നമ്മമാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്‌. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അത്ര പ്രാധാന്യത്തോടെ അവര്‍ക്കുമാത്രമായൊരു കണിയൊരുക്കലെന്ന്‌ കണ്ണു നിറഞ്ഞു കൊണ്ട്‌ പിന്നീടെപ്പൊഴോ ചെറിയ ഇന്നമ്മ അമ്മയോടു പറഞ്ഞത്‌ ഞാനറിഞ്ഞു.

വാക്കുകള്‍ വല്ലാതെ പിശുക്കുന്ന വലിയ ഇന്നമ്മ അന്ന്‌ തന്റെ സമ്പാദ്യകുടുക്ക പൊളിച്ച്‌ എണ്ണിനോക്കുകപോലും ചെയ്യാതെ ഒരു കുടന്ന നാണയം വാരിയെടുത്തു കണിയുരുളിയിലേക്കിട്ടു.

വിഷുക്കണിയോടെ ഞങ്ങള്‍ കുട്ടികള്‍ ധനികരായി. അഭിമാനത്തിന്റേതായിരുന്നു ആ വിഷുക്കാലം ഒരു ദിവസത്തെ കഠിനപരിശ്രമത്തിന്റെ ഫലമായിരുന്നു ആ കണിയൊരുക്കല്‍. അന്നത്തെ ആ സന്തോഷം പിന്നീടൊരിക്കലും, ഒന്നിനും പ്രതിഫലം വാങ്ങിയപ്പോള്‍ ഉണ്ടായിട്ടില്ല. അത്ര സന്തോഷം. മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യമായി കവിത പ്രസിദ്ധീകരിച്ചു വന്നപ്പോഴോ അതിന്റെ പ്രതിഫലം മണിയോര്‍ഡറായി കൈപ്പറ്റിയപ്പോഴോ ഒന്നും തോന്നിയിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യ സാലറി വാങ്ങിച്ചപ്പോള്‍ പോലും. എന്തിന്റേയും മൂല്യം അതിന്റെ വലിപ്പ-ചെറുപ്പങ്ങള്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട മറ്റു ചിലതില്‍കൂടിയാണെന്ന്‌ കാലം പഠിപ്പിക്കുകയായിരുന്നു.

പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്‌ ഇന്നമ്മമാരുടെ മരണത്തിനിപ്പുറം എന്തായിരുന്നു പശ പോലെ അവരുടെ ഹൃദയവുമായി എന്നെ സദാ കൂട്ടികെട്ടിയിരുന്നതെന്ന്‌. ഒരുപക്ഷെ മറ്റു പലയിടത്തും അവഗണിക്കപ്പെടുമ്പോഴും കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ഇന്നമ്മമാര്‍ നല്‍കിയ സ്‌നേഹമാവാം, പിന്തുണയാവാം അതിനു കാരണം.

അഞ്ചാം ക്ലാസ്സുവരെ ഉറക്കത്തില്‍ കിടക്കപായയില്‍ മുള്ളിയ കുട്ടിയെ, രണ്ടു കിലോമിറ്ററോളം ബസ്സില്‍ പോകുമ്പോഴേക്കും ഛര്‍ദ്ദിക്കുന്ന കുട്ടിയെ വീട്ടുകാര്‍ പോലും കളിയാക്കാനും കൂട്ടുകാര്‍ അപമാനിക്കാനും തുടങ്ങിയപ്പോള്‍ ഓടി ചെന്ന്‌ സങ്കടം പറയാന്‍ ഇന്നമ്മമാരുണ്ടായിരുന്നു, ആ കുഞ്ഞു വീട്ടിലെന്നും.

കളിയാക്കുന്നവര്‍ കളിയാക്കട്ടെ മോളു മിടുക്കി കുട്ടിയാവുമെന്ന്‌ ആശ്വസിപ്പിക്കാന്‍, മറ്റുള്ളവര്‍ കുറ്റങ്ങളും കുറവുകളും ചൂണ്ടി "ആശയെ പോലെയാകൂ, സൗമ്യയെപോലെയാകൂ, രേഖയെപോലെയാകൂ" എന്നൊക്കെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള്‍ "മോള്‌ ആരെ പോലേയും ആവണ്ട, മോളു മോളായാല്‍ മതി" എന്നു പറയാന്‍, മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളില്‍ മുങ്ങിപ്പോയ എന്റെതു മാത്രമായ ഗുണങ്ങളെ എനിക്കു തന്നെ കാണിച്ചു തന്ന്‌, "എന്തായാലെന്താ മോളു നന്നായി കവിത എഴുതുന്നുണ്ടല്ലൊ, നന്നായി കഥ പറയാനറിയാല്ലോ മോള്‍ക്ക്‌, മോളു വരച്ച ചിത്രങ്ങള്‍ എത്ര നല്ലതാ" എന്നൊക്കെ ഒരു കുഞ്ഞു ആത്മാഭിമാനത്തിന്റെ തിരിവെട്ടം തെളിയിക്കാന്‍ ഒക്കെ ആ ചെറിയ ഇന്നമ്മയേ ഉണ്ടായിരുന്നുള്ളു അന്ന്‌.

ഒരു പക്ഷേ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സിന്റെ ആഴക്കടലില്‍ മുങ്ങി പോവേണ്ട ഒരു കുട്ടിയെ താനെന്തായിരിക്കുന്നുവോ അതില്‍ അഭിമാനിക്കാന്‍ പഠിക്കൂ എന്ന മഹദ്‌ വചനം എനിക്കു തന്നത്‌ കേവലം നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ചെറിയ ഇന്നമ്മയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഓഷോ വചനങ്ങളില്‍ ഇതേ സാരമുള്ള വചനങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ പറഞ്ഞുപോയി : -നിങ്ങളിതു പറയുന്നതിനും പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം എന്റെ ചെറിയ ഇന്നമ്മ എന്നോടു പറഞ്ഞിരുന്നു ഇതത്രയും എന്ന്‌. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ബാലപാഠങ്ങള്‍ക്ക്‌ കുറേക്കൂടെ നല്ല ഒരു ഭാഷ നല്‍കി ഞാനതിനെ ഇങ്ങിനെയാക്കി മാറ്റി :"I am unique, Nobody else is like me, nobody else has ever like me and nobody else is evergoing to be like me. I'm simply unique"

അന്ന്‌ ദു:സ്വപ്‌നങ്ങള്‍ കണ്ട്‌ കിടക്കപായയില്‍ മുള്ളിയ, ബസ്സില്‍ കയറിയാല്‍ ഛര്‍ദ്ദിക്കുമെന്ന ഒറ്റ കാരണത്താല്‍ യാത്രകള്‍ വിലക്കപ്പെട്ട കുട്ടി. പത്താം ക്ലാസ്സു വരെ ഒരു എസ്‌കര്‍ഷനും പോവാന്‍ അനുവാദമില്ലാതിരുന്ന കുട്ടി. ഇന്ന്‌ യാത്രകള്‍ ജീവിത വ്രതമാക്കി, ഏതു നട്ട പാതിരിക്കും കേരളത്തിലെവിടേയും യാത്ര ചെയ്യാന്‍ പഠിച്ചു. ആദ്യമെല്ലാം "ഈ പെണ്ണെന്താ നട്ട പാതിരക്ക്‌ ഒറ്റക്ക്‌, ഒറ്റക്ക്‌" എന്ന്‌ മൂക്കത്തു വിരല്‍ വെച്ചവരുടെ മുന്നിലൂടെ മുപ്പതും നാല്‍പതും തവണ തനിച്ചു യാത്ര ചെയ്‌തു കാണിച്ചു കൊടുത്തു. ഇന്ന്‌ ഇന്നമ്മമാരുണ്ടായിരുന്നുവെങ്കില്‍ ഓടി ചെന്നു പറയാമായിരുന്നു രാത്രി യാത്രകളിലെ തമാശകളെക്കുറിച്ച്‌, ഇവള്‍ ഒറ്റക്കാണല്ലൊ എന്നു ഭയക്കുന്ന വഴിയോര കണ്ണുകളെക്കുറിച്ച്‌..... എത്ര കിലോമീറ്ററുകള്‍ യാത്ര ചെയ്‌താലും ഛര്‍ദ്ദിയെന്നല്ല ഒരു ക്ഷീണവും എന്നെ ഇപ്പോള്‍ തൊട്ടു തീണ്ടാറില്ല ഇന്നമ്മേയെന്ന്‌... വിലക്കപ്പെട്ട സ്വാതന്ത്ര്യം ഞാനിന്ന്‌ നേടിയെടുത്തെന്ന്‌.... നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിക്കും കിട്ടുന്നതിനേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്‌ ഇന്നമ്മമാര്‍ അന്നു വളര്‍ത്തിയ ഈ ഞാനാണെന്ന്‌....

പക്ഷെ അതിനു മുമ്പേ ഇന്നമ്മമാര്‍ പോയി. അപമാനങ്ങളില്‍ നിന്നും അവഗണനകളില്‍നിന്നും വാശിയിലേക്കുയരാനും ആ വാശിയുടെ പാതയിലൂടെ വിജയത്തിലെത്താനും ഉള്ള കുറുക്കുവഴി പറഞ്ഞു തന്ന്‌ അവര്‍ എങ്ങോ പോയി.... ഇപ്പോഴും ജീവിതത്തില്‍ അപമാനിക്കപ്പെടുമ്പോള്‍ ചെറിയ ഇന്നമ്മമാരുടെ മുഖം മനസ്സില്‍ തെളിയും ഞൊടിയിടകൊണ്ട്‌ ആ അപമാനത്തെ എറിഞ്ഞുടച്ച്‌ മനസ്സ്‌ ഫ്രീയാവും.

ക്ഷേത്രങ്ങളേക്കാളും, തറവാട്ടു കാരണവന്‍മാര്‍ കുടിയിരിക്കുന്ന പടിഞ്ഞാറ്റിയിലെ പൂജാമുറിയേക്കാളും വിശിഷ്ടമായ ഒരിടം എനിക്ക്‌ ഇന്നുണ്ട്‌, ഞാന്‍ എനിക്കായി മാറ്റി വെച്ച ഒരിടം. ഇന്നമ്മമാരും അവരുടെ അച്ഛനമ്മമാരും മണ്ണു പുതച്ചുറങ്ങുന്ന അവരുടെ ചുടല. ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീണേക്കാവുന്ന ആ മണ്‍കുടില്‍, പൊട്ടി പൊളിഞ്ഞു പോയ ഉല, പിന്നെ, കാടു പിടിച്ചു കിടക്കുന്ന, അവകാശികളാരും വരാനില്ലാത്ത ആ വീടും പുരയിടവും. ജീവിതത്തിലെ നന്മയും സന്തോഷങ്ങളും പങ്കിടാന്‍ ആ പുണ്യഭൂമിയിലേക്ക്‌ ഇടക്കിടെ പോവാന്‍ മറക്കാറില്ല ഞാന്‍. അവിടെ സ്വാതന്ത്ര്യത്തോടെ നടക്കുന്ന പാമ്പുകളും മറ്റു ജീവജാലങ്ങളും അന്ന്‌ അസ്വസ്ഥരാവും, പക്ഷേ അവ ഒരിക്കലും എന്നെ ഉപദ്രവിച്ചിട്ടില്ല. മണ്ണിനിടിയില്‍ കിടന്ന്‌ ഇന്നമ്മമാര്‍ പറയുന്നുണ്ടാവാം "ഇവള്‍ ഞങ്ങള്‍ പ്രസവിക്കാത്ത ഞങ്ങളുടെ മകളാണ്‌, ഉപദ്രവിക്കരുതിട്ടോ"ന്ന്‌...

ആ ചുടലയാണ്‌ സെമിത്തേരികളെ പ്രണയിക്കാന്‍ എന്നെ പഠിപ്പിച്ചത്‌. മണ്ണിനടിയില്‍ കിടന്ന്‌ അവര്‍ സംസാരിക്കുന്നുണ്ടാവാം.. ആര്‍ക്കൊക്കെയോ ആരൊക്കെയോ ആയിരുന്ന ചിലര്‍, അവര്‍ ആ കുഴിമാടങ്ങളില്‍ മയങ്ങുന്നുണ്ട്‌. ഉള്ളുരുകി നമ്മള്‍ വിളിച്ചാല്‍ കേള്‍ക്കാന്‍ പാകത്തില്‍.... ഇന്നും അവര്‍ക്ക്‌ കേള്‍വി ബാക്കിയുണ്ട്‌..... ഹൃദയം കാണാന്‍ പാകത്തില്‍ കാഴ്‌ചയും... ഓരോ സെമിത്തേരിയും ഒരായിരം കഥകള്‍ പറയുന്നുണ്ട്‌... ജീവിതത്തിന്റെ..... മരണത്തിന്റെ.... ശാന്തിയുടെ... അങ്ങിനെ എന്തിന്റെയൊക്കെയോ കഥകള്‍....

ഇത്തവണ ഇന്നമ്മമാരെ കാണാന്‍ പോകുമ്പോള്‍ പറയാന്‍ വിശേഷങ്ങള്‍ ഒരുപാടുണ്ട്‌... കൊച്ചിയിലേക്ക്‌ ചേക്കേറിയതിനെക്കുറിച്ച്‌.... ബോള്‍ഗാട്ടിയിലെ താമസത്തെക്കുറിച്ച്‌... ഈ ബ്ലോഗിനെക്കുറിച്ച്‌..... പുതിയ സുഹൃത്തുക്കളെക്കുറിച്ച്‌..... മനസ്സിനെ തൊട്ട കാഴ്‌ചകളെക്കുറിച്ച്‌..... സങ്കടങ്ങളെക്കുറിച്ച്‌.... സ്‌നേഹത്തെക്കുറിച്ച്‌.... ഇന്നമ്മമാരെക്കുറിച്ചെഴുതിയ ഈ കുറിപ്പിനെക്കുറിച്ച്‌.... എല്ലാം.... എല്ലാം....

വഴക്കു പറയുമോ അവരെന്നെ, ഏയ്‌ ഇല്ല. എന്റെ എല്ലാ കുട്ടിക്കളികള്‍ക്കും അവരെന്നും കൂട്ടായിരുന്നല്ലൊ. ഇത്തവണയും അവരെന്നെ സ്‌നേഹത്തോടെ സ്വീകരിക്കും. വലിയ ഇന്നമ്മ ചിലപ്പോള്‍ അല്‍പം ഗൗരവത്തില്‍ പറയുമായിരിക്കും "ഈ കുട്ടീടെ ഒരു കാര്യ"മെന്ന്‌ - എത്രയേറെ സാദ്ധ്യതകള്‍ ഉണ്ട്‌ നമ്മുടെ ഒക്കെ ലൈഫിന്‌.... അതൊക്കെ ഇങ്ങിനെ പരസ്യമാക്കണോ എന്ന്‌ പരിഭവിച്ചേക്കാം...

പക്ഷേ ചെറിയ ഇന്നമ്മ, ഇല്ല.... അവരെന്നെ ചേര്‍ത്തു നിര്‍ത്തുകയേ ഉള്ളു... നെഞ്ചിലോട്ട്‌... എന്റെ വിശേഷങ്ങള്‍ക്ക്‌ കാതു തരികയേ ഉള്ളൂ... നമ്മള്‍ നമ്മളെ സ്‌നേഹിച്ചാലേ ഈ ലോകവും നമ്മെ സ്‌നേഹിക്കൂ എന്ന്‌... എന്തിനാ മറ്റുള്ളവരെപോലെയാവാന്‍ കൊതിക്കുന്നത്‌, നമുക്ക്‌ നാമായാല്‍ പോരെ എന്ന്‌... അനുഭവങ്ങളുടെ എം.ഫിലും എംഎഡും ഉളള ഇന്നമ്മ പറയുമായിരിക്കും... അപ്പോള്‍ അര്‍ത്ഥം മുഴുവന്‍ മനസ്സിലാവാതെ ഞാനും തിരിച്ചു പോരും... തിരക്കിന്റെ ഈ ജീവിതത്തിലേക്ക്‌.... പിന്നീട്‌ അനുഭവങ്ങളുടെ കല്ലില്‍ ജീവിതം മാറ്റുരക്കുമ്പോള്‍ ആത്മഗതം പോലെ ഞാന്‍ മനസ്സിലാക്കും "ഇന്നമ്മ പറഞ്ഞത്‌ ശരിയാണെ"ന്ന്‌.

May 23, 2008

ഇന്നമ്മമാര്‍- I



























ന്നമ്മ - ആ വാക്കിന്‌ മുലപ്പാലിന്റെ മാധുര്യമുണ്ട്‌, ആ ഓര്‍മ്മകള്‍ക്ക്‌ കാരിരുമ്പിന്റെ കരുത്തും.


പിറന്നുവീണപ്പോഴേ അസുഖക്കാരിയായ ഒരു കുട്ടി മരണത്തെ അധിജീവിക്കുമെന്നോ ജീവിതത്തിലേക്ക്‌ കാലൂന്നി നടക്കാന്‍ പഠിക്കുമെന്നോ അധികമാരും പ്രതീക്ഷിച്ചിരുന്നില്ല, ഡോക്ടര്‍മാര്‍ പോലും.


ഒരമ്മയുടെ സ്‌നേഹം മാത്രം പോരാ ഇവള്‍ക്കെന്നു തോന്നിയതുകൊണ്ടാവാം ഈശ്വരന്‍ രണ്ട്‌ അമ്മമാരേ കൂടി ഇവള്‍ക്കേകിയത്‌. ഒരു രക്തബന്ധവുമില്ലാത്ത, അയല്‍വാസികളും വിധവകളും സഹോദരിമാരുമായ രണ്ടു സ്‌ത്രീകള്‍. എല്ലാവരും അവരെ ഇന്നമ്മമാര്‍ എന്നു വിളിച്ചു. തിരിച്ചറിയാനായി വലിയ ഇന്നമ്മയെന്നും ചെറിയ ഇന്നമ്മയെന്നും..... വലിയ ഇന്നമ്മക്ക്‌ ചെറിയ ചില മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക്‌ കൂട്ടാവാന്‍ വേണ്ടി ജീവിതത്തിന്റെ വസന്തകാലങ്ങളെ ത്യജിച്ചതാണ്‌ ചെറിയ ഇന്നമ്മ.


കൊല്ലപ്പണിയായിരുന്നു ഇന്നമ്മമാരുടെ കുലത്തൊഴില്‍. വലിയ ഇന്നമ്മ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. ചെറിയ ചെറിയ മൂളലുകളില്‍, തലകുലുക്കലുകളില്‍ പൂര്‍ണ്ണമല്ലാത്ത വാക്കുകളില്‍ അവര്‍ തനിക്കു പറയാനുള്ളതൊതുക്കി. ആ വായില്‍ എപ്പോഴും വെറ്റില മുറുക്കായിരുന്നു. ചവച്ച്‌... ചവച്ച്‌... അങ്ങിനെ. എന്ത്‌ എപ്പോള്‍ ചെയ്യുമെന്നറിയാത്ത അവരുടെ പെരുമാറ്റ രീതികളെ എനിക്കല്‍പം ഭയമായിരുന്നു.


എന്നാല്‌ ചെറിയ ഇന്നമ്മ - സ്‌നേഹമായിരുന്നു അവര്‍, ജ്വലിക്കുന്ന നന്മ. നാട്ടിലാരെങ്കിലും അവരോടു ശത്രുത പുലര്‍ത്തിയതായി എനിക്കറിയില്ല. എല്ലാവരും അവരെ ഏറെ ഇഷ്ടപ്പെട്ടു.


മണ്ണുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ കുടിലിലായിരുന്നു അവരുടെ താമസം.. ഓടു മേഞ്ഞ ഒരു മുറിയും അടുക്കളയും കോലായയും മാത്രമുള്ള ആ കുഞ്ഞു വീടും പണിശാലയും. (കരുവാന്റെ ഉല) അവരുടെ അച്ഛനമ്മമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചുടലയും വലിയൊരു പുളിമരവും പ്രാവുകല്‍ കുറുകുന്ന വലിയ മാളങ്ങളുള്ള ഒരു കിണറും വീടിനു ചുറ്റും കാച്ചിലും ചേനയും കുരുമുളകും നിറഞ്ഞുനില്‍ക്കുന്ന പത്തു സെന്റ്‌ സ്ഥലവും - അതായിരുന്നു ഇന്നമ്മമാരുടെ ലോകം.


ആ കുഞ്ഞു ലോകത്ത്‌ അവര്‍ സന്തോഷവതികളായിരുന്നു. അവരുടെ കൈ കൊണ്ടു പണിത ഇരുമ്പായുധങ്ങള്‍ക്ക്‌ എന്നും മൂര്‍ച്ഛ കൂടുതലായിരുന്നു. അടുത്ത ഗ്രാമങ്ങില്‍ നിന്നുപോലും ആളുകള്‍ ആയുധം പണിയാന്‍ അവരെ തേടിയെത്തിയിരുന്നു.


ഇന്ന്‌ ടാറിട്ട റോഡായി മാറിയ തറവാടു വീടിന്റെ കിഴക്കേ മുറ്റം അവസാനിക്കുന്നിടം അന്നൊരു ഇടവഴിയിലായിരുന്നു. ആ ഇടവഴി കടന്നാല്‍ ഒരു മുള്ളു വേലി. എനിക്ക്‌ നൂണ്ടു പോവാന്‍ പാകത്തില്‍ ആ വേലി പൊളിച്ചൊതുക്കി തന്നതും ഇന്നമ്മമാരായിരുന്നു.


തറവാടൂ വീട്ടിലെന്നും കൃഷിയും കൊയ്‌ത്തും മെതിയുമൊക്കെയായി ബഹളമായിരുന്ന കാലം. മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന കറ്റകള്‍ക്കിടയില്‍ ഞാന്‍ ഒളിച്ചുകളിക്കാന്‍ തുടങ്ങിയപ്പോള്‍, മുട്ടിലിഴഞ്ഞ്‌ വീടും മുറ്റവും അളന്നെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇടക്കിടക്ക്‌ കറ്റകള്‍ക്കിടയില്‍ എന്നെ കാണാതായപ്പോള്‍.... പണിക്കാരും പശുക്കളും കാളകളും വീട്ടുജോലിയും എല്ലാം കൂടി അമ്മയെ വട്ടു പിടിപ്പിക്കുമ്പോഴാവും എന്റെയീ ഒളിച്ചുകളികള്‍. വേലിക്കരികില്‍ നിന്ന്‌ അമ്മ ഇന്നമ്മമാരെ വിളിച്ച്‌ എന്നെ അവരെ ഏല്‍പിക്കും. അവര്‍ക്കു സന്തോഷം മാത്രം. മക്കളില്ലാത്ത അവര്‍ക്ക്‌ കൊഞ്ചിക്കാന്‍ ഒരാള്‍... ആ കുഞ്ഞു വീടിന്റെ ചാണകമെഴുതിയ മുറ്റത്ത്‌, കരി തേച്ച തിണ്ണകളില്‍... മുട്ടിലിഴഞ്ഞ്‌... എണീറ്റ്‌... വീണ്‌... അങ്ങിനെ ഞാന്‍ നടക്കാന്‍ പഠിച്ചു. വൈകുന്നേരമാവുമ്പോഴേക്കും കരിക്കുട്ടിയായ എന്നെ കുളിപ്പിച്ച്‌ പൊട്ടു തൊടുവിച്ച്‌ അവര്‍ അമ്മയെ തിരിച്ചേല്‍പിക്കും. പിറ്റേന്നു കാലത്ത്‌ വീണ്ടും എന്നെ മേയ്‌ക്കലാവും അവരുടെ ജോലി. ഒരമ്മയുടെ നിഷ്‌കര്‍ഷതയോടെ അവരെല്ലാം ചെയ്‌തു.


പരുക്കന്‍ ഇരുമ്പിനെ തീയില്‍ പഴുപ്പിച്ച്‌ അടിച്ച്‌ പതം വരുത്തി ഉപയോഗ്യയോഗ്യമാക്കുന്ന രാസവിദ്യ നോക്കി ആ കരുവാത്തികളുടെ ഉലയില്‍ ഒരു വഴക്കാളികുട്ടിയുടെ ഉടുപ്പിട്ടൊരു കാലം. പതിയെ ആ പണിയില്‍ ഒരു കൈ സഹായിയായി. ഉല കറക്കാനും കനലിട്ട്‌ തീ കത്തിക്കാനും.... എല്ലാം. ചുട്ടു പഴുത്ത ഇരുമ്പിനെ വെള്ളത്തില്‍ മുക്കിയെടുക്കുമ്പോഴുള്ള ആ സ്വരം. അതെന്റെ പ്രിയ ശബ്ദങ്ങളില്‍ ഒന്നായി പതിഞ്ഞുപോയി. മനുഷ്യനവന്റെ അഹങ്കാരത്തിന്റെ ഉച്ചിയില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളുടെ ആഴങ്ങളിലേക്ക്‌ പതിക്കുമ്പോഴും ചിലപ്പോള്‍ അങ്ങിനെയൊരു ശബ്ദമുണ്ടാവാം എന്ന്‌ എന്റെ മനസ്സില്‍ എഴുതി പോയതും അന്നാവാം. (ഇപ്പോഴും ഞാന്‍ കിനാവു കാണാറുണ്ട്‌ എന്റെ മൊബൈല്‍ ഫോണില്‍ അങ്ങിനെയൊരു റിംഗ്‌ടോണ്‍ ഉണ്ടായിരുന്നുവെങ്കില്‍, വലിയ ഗൗരവക്കാരായ, എന്നാല്‍ ഏറെ പ്രിയപ്പെട്ട എന്റെ ചങ്ങാതികളുടെ കോളുകള്‍ എന്നിലെത്തുക ആ ശബ്ദത്തിലായിരിക്കണമെന്ന്‌)


വൈധവ്യത്തേയും വാര്‍ദ്ധക്യത്തേയും വകവെക്കാതെ, ഇരുമ്പിനെപോലും മെരുക്കിയെടുക്കാന്‍ ശീലിച്ച, മരണം വരേയും ഒരാള്‍ക്കു മുന്നിലും തല കുനിക്കാതെ സ്വന്തം കാലില്‍ ഊന്നി നിവര്‍ന്നു നടന്ന ആ കരുവാത്തികളുടെ ധൈര്യം കൈവരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്‌ ഒരായിരം തവണ ഞാന്‍ കൊതിച്ചിട്ടുണ്ട്‌. ലോകം അറിയാന്‍ തുടങ്ങിയ ആ ബാല്യ നാളുകളില്‍ എന്റെ കണ്ണുകളില്‍ പതിഞ്ഞ രൂപം അവരുടേതായതിനാലാവാം പിന്നീട്‌ ചരിത്ര താളുകളില്‍ വായിച്ച്‌ മനസ്സില്‍ കുടിയേറിപോയ വീര നായികമാരായ ഝാന്‍സിറാണിയുടേയും ഉണ്ണിയാര്‍ച്ചയുടേയുമൊക്കെ മുഖം ഇന്നമ്മമാരുടേതായിരുന്നു.


പതിനാലു വര്‍ഷത്തോളം ആ സ്‌നേഹതണലില്‍.... വീട്ടില്‍ നിന്നും വഴക്കടിച്ചാല്‍ ഓടിചെല്ലാന്‍ അന്നൊരിടം മാത്രമെ ഉണ്ടായിരുന്നുള്ളു എനിക്ക്‌. അതവിടെയായിരുന്നു. ഒരു മുള്‍വേലിക്കപ്പുറം സ്‌നഹം മാത്രം നിറച്ചു വിളമ്പിതരുന്ന രണ്ടമ്മമാര്‍... ആ ആശ്വാസത്തിന്‌ ആകാശത്തോളം വ്യാപ്‌തിയുണ്ടായിരുന്നു.


മുള്ളു വേലി നൂണ്ട കൂട്ടി പിന്നെ വേലി കവച്ചുവെക്കാന്‍ പഠിച്ചു... പിന്നെപ്പോഴോ വേലി എടുത്തു ചാടാന്‍ തുടങ്ങി... കാലം ചെന്നതോടെ വേലി തന്നെ പൊളിച്ചു കയ്യില്‍ കൊടുത്തു. വഴക്കോ പിണക്കമോ കൂടാതെ ഇന്നമ്മമാര്‍ കാത്തിരുന്നു, സ്‌കൂള്‍ വിട്ടു വരുന്ന എന്റെ വിശേഷങ്ങള്‍ക്കായി.... മണ്‍കലത്തില്‍ പാകം ചെയ്‌തു വെക്കുന്ന അവരുടെ ആഹാരങ്ങള്‍ക്ക്‌ എന്നും പ്രത്യേക രുചിയായിരുന്നു. ഫ്രൈഡ്‌ റൈസിനേക്കാളും ചിക്കന്‍ കടാരിയേക്കാളുമൊക്കെ സ്വാദുണ്ടായിരുന്നു ഇന്നമ്മമാരുണ്ടാക്കുന്ന കഞ്ഞിക്കും പയറുപ്പേരിക്കും, ചുട്ടെടുത്ത മുളകു ചമ്മന്തിക്കും ഒക്കെ. സ്‌നേഹത്തിന്റെ രുചിഭേദങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത്‌ ആ മണ്‍രുചികള്‍ തന്നെ.


സ്‌നേഹത്തിന്‌ രുചിയുണ്ടെന്ന്‌, മധുരമുണ്ടെന്ന്‌, മണമുണ്ടെന്നൊക്കെ അറിഞ്ഞു തുടങ്ങിയത്‌ അക്കാലത്തു തന്നെ. ആരൊക്കെയോ എന്നെ സ്‌നേഹിക്കാന്‍ മറന്നപ്പോഴും അവര്‍ മാത്രം മറന്നില്ല. ഇന്നമ്മമാരുടെ വെറ്റില ചെല്ലത്തിന്റെ, വെറ്റിലയും അടക്കയും ചേര്‍ത്ത്‌ ഇടിച്ചെടുക്കുന്ന ഇടിമുട്ടിയുടെ ഒക്കെ വാസന ഇപ്പോഴും മൂക്കില്‍ തങ്ങി നില്‍ക്കുകയാണ്‌. അതിനേക്കാള്‍ ഹൃദയത്തെ കീഴടക്കിയ ഒരു മണവും. ഞാന്‍ പിന്നീടറിഞ്ഞിട്ടില്ല. ലേഡീസ്‌ സ്റ്റോറിലെ ഒരു പെര്‍ഫ്യൂമും അതിനോളം എന്നെ കൊതിപ്പിച്ചിട്ടുമില്ല. അതു വാല്‍സല്യത്തിന്റെ മണമാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. ഇന്നമ്മമാരോട്‌ ബന്ധപ്പെട്ട ഓര്‍മ്മകള്‍ക്കെല്ലാം എന്നും ഒരു നക്ഷത്ര ശോഭയുണ്ട്‌.....

Apr 8, 2008

എന്റെ ബാല്യകാല സൂഹൃത്ത്‌



ജീവിതത്തില്‍ ആദ്യകൂട്ട്‌ അവനായിരുന്നു. ടിപ്പു. ശരീരം നിറയെ രോമങ്ങളുള്ള, സുന്ദരനായ ഒരു ബോമേറിയന്‍ നായക്കുട്ടി. മിടുക്കന്‍. ആരുമായും പെട്ടെന്നിണങ്ങും. നല്ല അനുസരണശീലം. എന്റെ മൂന്നാം വയസ്സിലാണ്‌ അവന്‍ ഞങ്ങളുടെ തറവാടു വീടിന്റെ ഉമ്മറപടി കയറി വന്നത്‌.
.
രണ്ടു ദിവസങ്ങള്‍ക്കകം തന്നെ അച്ഛനേയും അമ്മയേയും അച്ഛമ്മയേയും പാപ്പന്‍മാരേയുമെല്ലാം കയ്യിലെടുത്തു. തറവാട്ടിലെ വല്ല്യ കുട്ടി എന്ന രീതിയില്‍ എനിക്കുമാത്രമായി കിട്ടിയിരുന്ന എല്ലാ പ്രത്യേക പരിഗണനകളും അവന്‍ വന്നതോടെ ഇല്ലാതായി. അവന്‍ അവന്റേതായ രീതിയില്‍ സ്‌റ്റാറായി. വീട്ടു വളപ്പില്‍ അതിക്രമിച്ചു കയറുന്നവരേയൊക്കെ അവന്‍ കുരച്ചു ചാടി പേടിപ്പിച്ചു വിടും വീട്ടില്‍ വരുന്ന അതിഥികള്‍ക്ക്‌ ഷെയ്‌ക്‌ഹാന്റ്‌ കൊടുത്തും കിച്ചാപ്പന്‍ (അച്ചന്റെ അനിയന്‍) കൊടുക്കുന്ന കം ഹിയര്‍, ഗോ തുടങ്ങിയ ഇംഗ്ലീഷ്‌ കമന്റുകള്‍ കേട്ടും അനുസരിച്ചും അവന്‍ ഒരു സായിപ്പായി.
.
ആ വീ‌ട്ടില്‍ എനിക്കു മാത്രമായി കിട്ടിയിരുന്ന സ്‌നേഹവും കരുതലും സ്വാതന്ത്ര്യവും സ്വാതന്ത്ര്യമില്ലായ്‌മയുമെല്ലാം അവനും പങ്കിട്ടു. തറവാടു വീട്ടില്‍ എന്റെ പാദസരം കിലുങ്ങിയ മൂലകളിലെല്ലാം അവനും കയറിവന്നു, ഒരിടമൊഴികെ. പടിഞ്ഞാറ്റിയിലെ പൂജാമുറി. ഈശ്വരന്‍മാരും കാരണവന്‍മാരും വസിച്ചിരുന്ന ആ മുറിയില്‍ ഒരിക്കലും അവന്‌ പ്രവേശിക്കാനായില്ല. സന്ധ്യക്ക്‌ പടിഞ്ഞാറ്റിയില്‍ കയറി ഞാന്‍ നാമം ജപിക്കുമ്പോള്‍ അവന്‍ പടിഞ്ഞാറ്റിക്കു പുറത്തു കാവലിരിക്കും. എന്റെ നാമജപം നീളുമ്പോള്‍ അവന്‍ പുറത്ത്‌ അസ്വസ്ഥനാവാന്‍ തുടങ്ങും."ഇവളുടെ ഒരു അഹങ്കാരം" - എന്നു മുരളും
.
ഞങ്ങള്‍ക്കിടയില്‍ ഇടക്കിടെ ഭീകരമായ വഴക്കുകള്‍ നടന്നിരുന്നു. ദേഷ്യം വരുമ്പോള്‍ ഞാനവന്റെ ചെവി പിടിച്ചു വലിക്കും, തലക്കിട്ടു കിഴുക്കും. അവനും വിട്ടു തരില്ല. ചീളുപോലുള്ള നഖം കൊണ്ട്‌ അവനെന്നെ മാന്തും. അപ്പോള്‍ കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുമെങ്കിലും അതു കഴിഞ്ഞുള്ള നിമിഷങ്ങള്‍ എന്റേതായിരുന്നു. -`ടിപ്പു എന്നെ മാന്തി അവനെന്നെ കടിച്ചു.' എന്നൊക്കെ അച്ഛനോടു പരാതി പറയും അതിന്റെ പേരില്‍ അവനിട്ട്‌ നാലു തല്ലു വെച്ചു കൊടുക്കുമ്പോള്‍ അതില്‍ സന്തോഷിക്കാനൊക്കെ ഞാനാ നിമിഷങ്ങള്‍ പ്രയോജനപ്പെടുത്തി.വഴക്കുകളും പിണക്കങ്ങളുമൊക്കെ പതിവായിരുന്നെങ്കിലും അവനായിരുന്നു എന്റെ ഒരേയൊരു സുഹൃത്ത്‌. എന്റെ ഭാഷ അവന്‍ മനസ്സിലാക്കുന്നുവെന്ന്‌ അന്നു ഞാന്‍ വിശ്വസിച്ചു. ഇന്നും അങ്ങിനെ തന്നെ. എന്റെ വിശേഷങ്ങള്‍ക്ക്‌ അവന്‍ എന്നും കാതു തന്നിരുന്നു. എന്റെ ഭാഷ ഈ ഭൂമിയില്‍ മറ്റാരേക്കാളും നന്നായി അവന്‍ മനസ്സിലാക്കിയിരുന്നു. .
അമ്മകുട്ടിയായ്‌ ജീവിച്ചു കൊതി തീരും മുമ്പേ ആ സ്‌നേഹം പകുക്കാന്‍ വന്ന അനിയത്തികുട്ടിയെകുറിച്ച്‌ പരാതി പറയാന്‍..... എന്നേയാരും ശ്രദ്ധിക്കുന്നില്ലെന്ന്‌ പരിഭവം പറയാന്‍... ഒക്കെ അവനായിരുന്നു എനിക്ക്‌ കൂട്ട്‌.ഇടവഴി കടന്ന്‌ മുള്ളുവേലി നൂണ്ട്‌ ആരും കാണാതെ അടുത്ത വീട്ടിലെ ഇന്നമ്മമാരുടെ വീട്ടിലേക്ക്‌ സവാരി പോകാനും ഇല്ലക്കുളത്തിലെ മീനുകള്‍ക്ക്‌ തീറ്റയെറിയാന്‍ പോകുമ്പോളൊക്കെ അവനായിരുന്നു എന്റെ സന്തത സഹചാരി.
.
ആയിടക്കാണ്‌ അച്ഛന്‍ എന്നെ കൊണ്ടു പോയി സ്‌കൂളില്‍ ചേര്‍ത്തത്‌. പിന്നെ ടിപ്പുവിന്റെ കൂടെ ചുറ്റി നടക്കാന്‍ ആളില്ലാതായി അതോടെ അവനും കുട്ടിക്കളി മാറി കൂറേകൂടി സീരിയസ്സായി ഗൃഹഭരണത്തില്‍ ശ്രദ്ധിച്ചു തുടങ്ങി. ഉച്ചഭക്ഷണം കഴിക്കാന്‍ ഞാന്‍ വീട്ടിലെത്തുമ്പോള്‍ അവന്‍ എനിക്കായ്‌ വേലിക്കരികില്‍ കാത്തിരിക്കും. ഭക്ഷണശേഷം സ്‌കൂള്‍ ബെല്‍ മുഴങ്ങുമ്പോള്‍ ഓടിയിറങ്ങുന്ന എന്നെ ഇടവഴിയോളം അവനും അനുഗമിക്കും. അങ്ങിനെ എന്റെ സ്‌കൂള്‍ ജീവിതത്തോട്‌ അവനും പൊരുത്തപ്പെട്ടു. എന്നാലും അവധി ദിവസങ്ങളില്‍ ഞങ്ങള്‍ തകര്‍ത്തടുക്കി. തെക്കേ പറമ്പിലെ പുളിമരത്തിന്റെ കൊമ്പുകള്‍ കുറഞ്ഞു കുറഞ്ഞു വന്നു. പുളിവടി ചുറ്റി എന്റെ കാലുകള്‍ ചുവന്നു തുടുത്തു. എനിക്കു കിട്ടുന്നതിന്റെ പാതി അവനും അവകാശപ്പെട്ടതായിരുന്നതുകൊണ്ട്‌ എന്റെ കരച്ചിലിന്റെ വോളിയം ഒരിക്കലും തറവാട്ടു വളപ്പിന്റെ പടി കടന്നു പോയില്ല. നാലതിര്‍ത്തികളില്‍ തട്ടി അത്‌ എന്നിലേക്കു തന്നെ തിരിച്ചുവന്നു കൊണ്ടിരുന്നു. അടിപാടുകള്‍ ഏറ്റു വാങ്ങി പടിഞ്ഞാറെ മുറ്റത്തെ അമ്മച്ചി പ്ലാവിനു കീഴേ ഇരിക്കുമ്പോള്‍ എന്റെ തടിച്ചു തിണര്‍ത്ത കാലുകള്‍ കാണിച്ച്‌ ഞാനവനോടു സങ്കടം പറയും : "നിന്നെ അച്ഛന്‍ മെല്ലെയല്ലെ തല്ലിയുള്ളു, ഇതു നോക്കൂ.. എന്റെ കാല്‌..."
.
അവന്റെ പഞ്ഞി കെട്ടു ശരീരത്തിലാവും പലപ്പോഴും എന്റെ കണ്ണുനീര്‍ വീണു ചിതറുക. അപ്പോള്‍ ആ വെള്ള രോമകെട്ടിനകത്തെ ആ ശരീരവും വല്ലാതെ നൊന്തിരിക്കുന്നു എന്ന്‌ ഞാനാ കണ്ണുകള്‍ നോക്കി തിരിച്ചറിയും. ഒരു കെട്ടിപ്പിടിക്കല്‍, അല്ലെങ്കില്‍ ഒരോട്ടം അതു മതിയായിരുന്നു ഞങ്ങള്‍ക്കാ കുഞ്ഞു സങ്കടത്തില്‍ നിന്നും രക്ഷപ്പെടുവാന്‍.
.
ഒരു മനുഷ്യകുട്ടിയെന്നോ നായകുട്ടിയെന്നോ ഉള്ള വ്യത്യാസത്തിന്റെ വലിയ അര്‍ത്ഥങ്ങളൊന്നും അറിയാതെ അങ്ങിനെ ഞ്‌ങ്ങള്‍ വളര്‍ന്നു... സുഹൃത്തുക്കളായി... സന്തോഷത്തോടെ.. ഒരു വീടിനു കീഴെ... ഒരേ സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍... പക്ഷെ അവന്റെ സുഹൃത്തായി ഒരുപാടു നാള്‍ കഴിയാന്‍ എന്റെ ഭാഗധേയം എന്നെ അനുവദിച്ചില്ല.ഇടക്കെപ്പോഴോ നാട്ടില്‍ പേപ്പട്ടി ശല്യം രൂക്ഷമായി. എന്റേയും അവന്റേയും ഊരു തെണ്ടലുകള്‍ക്ക്‌ വീട്ടുകാര്‍ വിലക്കേര്‍പ്പെടുത്തി. അവന്റെ കഴുത്തില്‍ അങ്ങിനെ ആദ്യമായി തുകലു വീണു. എന്റെ സ്‌കൂള്‍ യാത്രകള്‍ക്ക്‌ ആളകമ്പടിയായി. അറ്റം കാണാത്ത നാട്ടുവഴികളില്‍ ഓടി കളിച്ച അവന്‌ പെട്ടെന്നുള്ള അസ്വാതന്ത്ര്യം സഹിക്കാന്‍ പറ്റാതായി. അവന്‍ അനുസരണക്കേടു കാണിക്കാന്‍ തുടങ്ങി.
.
ഒരു ദിവസം എല്ലാവരും ബന്ധുവിട്ടില്‍ കല്ല്യാണത്തിനു പോയതായിരുന്നു. വീട്ടില്‍ അച്ഛമ്മയും ടിപ്പുവും മാത്രം. സ്‌കൂളില്‍ നി്‌ന്നും ഊണു കഴിക്കാന്‍ വന്നപ്പോള്‍ തനിച്ചു തിരിച്ചു പോവാന്‍ അച്ഛമ്മ അനുവദിച്ചില്ല. എന്നെ സ്‌കൂളിലാക്കാന്‍ വന്ന അച്ഛമ്മക്കൊപ്പം അവനും കൂടി. അമ്പലത്തിനടുത്തുള്ള കുറുക്കു വഴിയിലൂടെ അവനും ഞങ്ങളെ അനുഗമിച്ചു. കൂറേ കഴിഞ്ഞപ്പോള്‍ അച്ഛമ്മ അവനോടു തിരികെ പോവാന്‍ ആവശ്യപ്പെട്ടു. അവന്‍ കേട്ടില്ല, ദേഷ്യം വന്നപ്പോള്‍ അച്ഛമ്മ വടിയെടുത്ത്‌ അവനെ ഓടിച്ചു വിട്ടു. ദേഷ്യത്തോടേയും പരിഭവത്തോടേയും അവന്‍ തിരിഞ്ഞോടിപോയി. എനിക്ക്‌ അച്ഛമ്മയോട്‌ ദേഷ്യം തോന്നി.അന്നു വൈകിട്ട്‌ സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ എന്നെ അവന്റെ കൂട്ടിനടുത്തേക്കു പോവാന്‍ ആരും അനുവദിച്ചില്ല. അച്ഛമ്മ ഓടിച്ചു വിട്ടപ്പോള്‍ അവന്‍ ചെന്നു പെട്ടത്‌ പേപ്പട്ടികള്‍ക്കിടയിലാണെന്നും. അവ അവനെ കടിച്ചു മുറിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു. ശരീരം നിറയെ മുറിവുമായി അവശനായി കിടക്കുന്ന അവനരികിലേക്ക്‌ പോകാന്‍ ഞാന്‍ വാശി പിടിച്ചപ്പോള്‍ അമ്മ എന്റെ കാത്‌ പൊന്നാക്കി.ഒരാഴ്‌ചക്കാലം പിന്നെ ഞങ്ങളുടെ ചങ്ങാത്തത്തിന്‌ വിലക്ക്‌.
.
പൂമുഖത്തിരുന്ന്‌ ഏഴടി ദുരെ കൂട്ടില്‍ കിടക്കുന്ന അവന്റെ ദയനീയ രൂപത്തെ നോക്കി അങ്ങിനെ ഏഴുനാള്‍....അവന്റെ അസുഖം ഭേദമാവുമെന്നും ഞങ്ങളിരുവരും പഴയ പോലെ മുള്ളു വേലി നൂണ്ട്‌ ഇന്നമ്മമാരുടെ ആലയിലേക്കും ഇല്ലക്കുളത്തിലെ മല്‍സ്യങ്ങളെ ഊട്ടാനും പോവുമെന്ന്‌്‌ ഞാന്‍ സ്വപ്‌നം കണ്ടു. ആ നാട്ടുവഴികളില്‍ അവനൊപ്പം ഓടിക്കളിക്കുന്ന നാളുകള്‍ സ്വപ്‌നം കണ്ട്‌ ഞാനുണര്‍ന്നു.ടിപ്പുവിനെ കാണാന്‍ ആരൊക്കെയോ വന്നു. ഡോക്ടര്‍ അവനെ പരിശോധിച്ചു, മരുന്നു കൊടുത്തു. അവന്‍ വളരെ ക്ഷീണിതനായിരുന്നു എന്നാലും എന്റെ സ്വപ്‌നം പുലരാതിരിക്കില്ലെന്ന്‌ ഞാന്‍ വിശ്വസിച്ചു.
.
ഒരു ഞായറാഴ്‌ച ഒരിക്കലും കിച്ചാപ്പനു മാപ്പു കൊടുക്കാന്‍ പറ്റാത്ത ദിവസമായിരുന്നു. അന്നു പതിവിനു വിപരീതമായി അറിയാത്ത ഒരുപാടു പേര്‍ വീട്ടില്‍ വന്നു. കറുത്തു തടിച്ച്‌ ശരീരമാസകലം രോമമുള്ള ഭീമാകാരനായ ഒരു മനുഷ്യനും അന്നു വീട്ടില്‍ വന്നിരുന്നു. അയാളെ കണ്ടപ്പോള്‍ എനിക്കു ഭയമായി. അയാളുടെ കയ്യിലെ വലിയ സിറിഞ്ച്‌്‌, അതെന്നെ വല്ലാതെ പേടിപ്പിച്ചു. മനസ്സില്‍ ഒരു ദു:സൂചന പിടഞ്ഞു. ബഹളം വെച്ചു കരഞ്ഞ എന്നേയും അനിയത്തിയേയും ഒടുവില്‍ പാപ്പന്‍ തെക്കെ അകത്തിട്ടു പൂട്ടി."ചേച്ചീ, നമ്മുടെ ടിപ്പുവിനെ അവരു കൊല്ലുമോ" -എന്റെ ഉടുപ്പില്‍ തൂങ്ങി തേങ്ങികൊണ്ട്‌ അനിയത്തി ചോദിച്ചു. ആദ്യമായി അപ്പോള്‍ എനിക്കവളോട്‌ വല്ലാത്തൊരിഷ്ടം തോന്നി. എന്റെ ടിപ്പുവിനെ ഓര്‍ത്തു കരയാന്‍ ഒരാളെങ്കിലുമുണ്ടായല്ലൊ. അവളെ കെട്ടിപ്പിടിച്ചു ഞാന്‍ തേങ്ങി.
.
അപ്പോഴാണ്‌ തെക്കെ മുറ്റത്ത്‌ കാല്‍ പെരുമാറ്റം കേട്ടത്‌. ജനല്‍ പതിയെ തള്ളിയപ്പോള്‍ അതു താനെ തുറന്നു. കിച്ചാപ്പന്റെ മടിയില്‍ തളര്‍ന്നു കിടക്കുന്ന ടിപ്പുവിന്റെ തുടയില്‍ സിറിഞ്ചാഴ്‌ത്തുന്ന രാക്ഷസ രൂപമാണ്‌ കണ്ടത്‌. അനിയത്തി അലറി കരഞ്ഞു. ഞങ്ങളുടെ കരച്ചില്‍ കേട്ടാണെന്നു തോന്നുന്നു ടിപ്പു പിടച്ചു, ഞങ്ങളെ നോക്കി. ദൈന്യത നിറഞ്ഞ അവന്റെ മുഖം എന്നോടെന്താണാവോ പറഞ്ഞത്‌ ? ആരോ ജനല്‍ അപ്പോഴത്തേക്കും പുറത്തു നിന്നും അടച്ചു. അന്നു വൈകുന്നേരത്തോടെ ടിപ്പു ഓര്‍മ്മയായി.തറവാടു വീടിന്റെ വടക്കു പടിഞ്ഞാറായി അവന്‌ എല്ലാവരും ചേര്‍ന്ന്‌ കുഴിയൊരുക്കി. നിറയെ പട്ടകളുള്ള ഒരു ഈന്തുമരത്തിനു കീഴെ അവനുറങ്ങി കിടന്നു. പിന്നീടൊരിക്കലും അവനെനിക്കൊപ്പം ഓടി കളിക്കാന്‍ വന്നില്ല.
.
അവന്‍ പോയതോടെ വിട്ടിലെ ആരോ എങ്ങോ പോയതു പോലെ... വീട്ടിലാരും ചിരിക്കാതായി. അവനെ കൊന്നവരോടുള്ള പക മനസ്സില്‍ പെരുകുമ്പോള്‍ തന്നെ ഞാനറിഞ്ഞു. അവനില്ലാതെ ആ വീട്ടില്‍ ആര്‍ക്കും സന്തോഷിക്കാനാവില്ല എന്ന്‌..... ഗൗരവത്തിന്റെ മുഖംമൂടിയണിയുമ്പോഴും അവനെക്കുറിച്ചോര്‍ത്ത്‌ ആരൊക്കെയോ ആ വീട്ടില്‍ ആരുമറിയാതെ തേങ്ങുന്നുണ്ടെന്ന്‌‌... കുട്ടിയായതുകൊണ്ട്‌ ആളുകള്‍ക്ക്‌ മുമ്പിലും വാവിട്ടു കരയാനുള്ളു സ്വാതന്ത്ര്യം സമൂഹം എനിക്കു തന്നിരുന്നു. മുതിര്‍ന്നു പോയി എന്ന ഒറ്റ കാരണം കൊണ്ട്‌ അവര്‍ക്കില്ലാതെ പോയതും അതു തന്നെ.... മുതിര്‍‌ന്നവര്‍ കരയാന്‍ പാടില്ല എന്നുണ്ടോ ? ഉള്ളു പിടക്കുമ്പോഴും ഗൗരവത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ മസിലു പിടിച്ചു നില്‍ക്കണമെന്ന്‌ ഈ മുതിര്‍ന്നവരെ ആരാണ്‌ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്‌ ? പറഞ്ഞതാരായാലും ആ ഫിലോസഫി എനിക്കു പിടിക്കില്ല കരച്ചില്‍ വരുമ്പോള്‍ കരയണം. ചിരി വരുമ്പോള്‍ പൊട്ടിചിരിക്കുകയും... പിന്നീടൊരു ഭ്രാന്തിലേക്ക്‌ നയിക്കാതിരിക്കാന്‍ അതു സഹായിക്കുകയേ ഉള്ളൂ.
.
സ്‌കൂള്‍ വിട്ടു വരുന്ന വൈകുന്നേരങ്ങളില്‍ ഞാന്‍ അവനെ അടക്കം ചെയ്‌തിടത്ത്‌ പോയിരുന്നു..... സ്‌കൂളിലെ വിശേഷങ്ങള്‍ പറഞ്ഞു... അവനില്ലാത്ത ആ വീട്ടില്‍ എന്റെ വിശേഷങ്ങള്‍ക്കു കാതു തരാന്‍ വേറെയാരുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ടു പോവുന്നതിന്റെ വേദന.. വിങ്ങല്‍... എല്ലാം അവനോടു ഏറ്റു പറഞ്ഞു കരഞ്ഞു. രാത്രികളില്‍ അവനെ സ്വപ്‌്‌നം കണ്ടുണര്‍ന്നു.പതിയെ പതിയെ ഞാനവനെ മറക്കാന്‍ തുടങ്ങി. ക്ലാസ്സില്‍ പുതിയ സുഹൃത്തുക്കളായി..
.
അവന്റെ കുഴിമാടത്തിലേക്കുള്ള യാത്ര മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ ആയി മാറി. പിന്നീടെപ്പോഴോ ഞാനവനെ പാടെ മറന്നു.ഏഴു വര്‍ഷങ്ങള്‍ക്കപ്പുറം തറവാട്ടു വളപ്പില്‍ തന്നെ വീടെടുക്കാന്‍ അച്ഛന്‍ തീരുമാനിച്ചപ്പോള്‍ വീടിനു തറയിടാന്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തായിരുന്നു അവന്റെ കുഴിമാടം. അന്നു ഞാന്‍ വീണ്ടും ടിപ്പുവിനെ ഓര്‍ത്തു. തറയിടാനായി അതിനടുത്തു നിന്നിരൂന്ന ഒരു പേരാല്‍ മുറിച്ചു മാറ്റിയപ്പോഴും ആ പേരാലിനു ചുവട്ടില്‍ എത്രയോ തവണ ഞങ്ങള്‍ വന്നിരുന്നു പണ്ട്‌.ഇപ്പോഴും പല രാത്രികളിലും ഉറക്കമില്ലാതെ തിരിഞ്ഞുമറിഞ്ഞു കിടക്കുമ്പോള്‍ ടിപ്പുവിനെ ഓര്‍ക്കും. എന്റെ റൂമിന്‌ എട്ടടി മാത്രം ദൂരെ മണ്ണിനടിയില്‍ അവനും കിടക്കുന്നുണ്ട്‌. ചിലപ്പോള്‍ തോന്നും ആ മണ്ണില്‍ ചെവിയമര്‍ത്തി കിടന്ന്‌ അവനു പറയാനുള്ളത്‌ കേള്‍ക്കണമെന്ന്‌. ബാല്യത്തില്‍ അവനെ കൂടാതെ ചങ്ങാതിമാര്‍ ആരുമില്ലായിരുന്ന ആ പഴയ പെണ്‍കുട്ടി വളര്‍ന്നപ്പോള്‍ ജീവിതത്തില്‍ സമ്പാദ്യമായി നേടിയത്‌ ആയിരാമായിരം സൗഹൃദങ്ങള്‍ മാത്രമാണെന്ന്‌ അവനോടു പറയണമെന്ന്‌....
.
അവനതൊന്നും മനസ്സിലാവാതിരിക്കില്ല. എന്നു മുതല്‍ കാണാന്‍ തുടങ്ങിയതാ അവനെന്നെ... എത്ര നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍...അവന്‍ യാത്രയായയതോടെ, കുട്ടിക്കാലത്തൊരു നായകുട്ടിയെ വാങ്ങിതരാന്‍ എത്രയോ തവണ വാശി പിടിച്ചിരുന്നു, എന്തുകൊണ്ടോ അന്ന്‌ അതിനാരും സമ്മതിച്ചില്ല. അന്നെന്നല്ല ഇന്നും മറ്റൊരു വളര്‍ത്തുമൃഗത്തെ സങ്കല്‍പിക്കാന്‍ അവര്‍ക്കാര്‍ക്കും ഇഷ്ടമില്ല. അവനു പകരമാവുമോ മറ്റൊന്ന്‌്‌ എന്ന്‌ പണ്ടൊരിക്കല്‍ അമ്മ ചോദിച്ചു. അന്നെനിക്കാ ചോദ്യത്തിന്റെ വ്യാപ്‌തി മനസ്സിലായിരുന്നില്ല. പക്ഷേ ഇന്ന്‌ ഞാനറിയുന്നു ആര്‍ക്കും ആരും പകരമാവില്ല. ടിപ്പുവിന്‌ പകരമാവാന്‍ മറ്റൊരു നായക്കുട്ടിക്കു കഴിയില്ല. അല്ലെങ്കിലും ഞങ്ങളുടെ നായക്കുട്ടി കേവലം ഒരു നായക്കുട്ടി മാത്രമായിരുന്നില്ലല്ലൊ. അവനിതിലും അപ്പുറം എന്തൊക്കെയോ ആയിരുന്നു.മറ്റൊരു നായകുട്ടിയെ അന്ന്‌ അച്ഛന്‍ വാങ്ങി തരാതിരുന്നത്‌ എത്ര നന്നായി. ഒരു പക്ഷെ അങ്ങിനെയൊരാള്‍ വന്നിരുന്നുവെങ്കില്‍ ഞാന്‍ സ്‌നേഹിച്ചു പോയേനെ അവനെ... അതു കണ്ട്‌ എന്റെ ടിപ്പു സങ്കടപ്പെട്ടേനെ... അവന്റെ കൂട്ടുകാരിയുടെ സ്‌നേഹം പകുത്തെടുത്തു പോവുന്നത്‌ അവനു സഹിക്കാന്‍ കഴിയുന്നതെങ്ങിനെ.... ഇല്ല കഴിയില്ല.. അറിയാമെനിക്കത്‌.
.
ചില സൗഹൃദങ്ങള്‍ വളരെ സ്വാര്‍ത്ഥമാണ്‌‌, പ്രണയത്തേക്കാളും. ജീവിതത്തില്‍ എത്രയോ തവണ അറിഞ്ഞു ഞാനത്‌.അവനോടുള്ള ഇഷ്ടത്തില്‍ ഇന്നും പഞ്ഞികെട്ടിന്റെ മൃദുലതയാണ്‌. ആ ഇഷ്ടമാവാം എന്റെ സ്വകാര്യ ശേഖരത്തില്‍ രോമക്കുട്ടന്‍മാരായ ബൊമ്മകുട്ടികള്‍ കുന്നു കൂടാന്‍ കാരണം.... അല്ലെങ്കില്‍ എന്റെ ടിപ്പു സുല്‍ത്താന്റെ ഓര്‍മ്മക്കായ്‌ ഞാന്‍ അറിയാതെ കരുതിവെക്കുന്നതാവാം. ഈ സോഫ്‌റ്റ്‌ ഡോളുകളത്രയും... എന്റെ ബാല്യത്തിന്റെ ഓര്‍മ്മക്ക്‌, നാളെ എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ ഏറെ വിലപിടിച്ച ഒരു സമ്മാനം.... അവനിലൂടെ ഞാനറിഞ്ഞ ഒരു ലോകത്തിന്റെ ഓര്‍മ്മക്കായ്‌... വാക്കുകളില്ലാത്ത അവന്റെ സ്‌നേഹത്തിന്റെ ഓര്‍മ്മക്കായ്‌....

Feb 28, 2008

അവനെന്റെ ആകാശം

നിനക്കറിയാമോ

ഞങ്ങളുടെ

ആത്മബന്ധത്തിന്റെ

ആഴവും പരപ്പും.

നീ കരുതുന്ന,

പ്രണയമെന്ന

ചെറുചില്ലയില്‍

‍ഞങ്ങളെ

തൂക്കിയൊതുക്കാനൊക്കില്ല

ഞങ്ങളുടെ

മനോഹരമായ

ഈ ബന്ധത്തെ

നിനക്കൊട്ടും

മനസ്സിലാവില്ല

പരസ്‌പരമുള്ള

അറിവില്‍

‍നിറഞ്ഞുതുളുമ്പുന്ന

എന്റെ മനസ്സിലെ

ഒരു മുയല്‍കുഞ്ഞാണവന്‍

‍അവനെന്റെ ആകാശമാണ്‌

എന്റെ സ്വപ്‌നങ്ങളുടെ

പട്ടങ്ങള്‍

ഞാന്‍ ഉയരെ പറത്തുമ്പോള്‍

‍കാറ്റിലവയെ പൊട്ടിച്ചുകളയാതെ

ലക്ഷ്യത്തിലെത്താന്‍

‍കൈത്താങ്ങു തരുന്ന,

എന്റെ സ്‌നേഹത്തിന്റെ,

വിശ്വാസത്തിന്റെ,

സാഹോദര്യത്തിന്റെ

ആകാശമാണവന്‍.

Jan 9, 2008

നിന്നെ
ഞനൊരിക്കലും സ്‌നേഹിചിട്ടില്ല
നിന്റെ സ്‌നേഹം
മുഴുവനായി എറ്റുവാങുന്ന
എന്നൊട്ടു തന്നെയായിരുന്നു
എനിക്കു സ്‌നേഹം

Jan 3, 2008

ആത്മചരിത്രം

നിന്നെക്കുറിച്ചു
ഞാന്‍പറയാതെ പോയതത്രയും
എന്റെ ചരിത്രമാണല്ലൊ.

പൊഴിഞ്ഞ ദിനങ്ങള്‍മാറാല
പൂണ്ട്‌ ശയനങ്ങളിലൊക്കെയും
ഫണമുയര്‍ത്തിയപ്പോള്‍,
എന്റെതെന്ന്‌ കരുതിയതൊക്കെയും
ജീവശ്ചവമായി വമിഞ്ഞൊഴുകിയപ്പോള്‍
നീയെനിക്കൊരു സ്‌നേഹസാന്നിദ്ധ്യമായിരുന്നു
ഇന്ന്‌, ഈ തമസ്സിന്റെ തണുപ്പില്‍,
ഉഷസ്സിന്റെ വഴുപ്പില്‍,
ഉഷ്‌ണ തീരങ്ങളില്‍ സ്‌നേഹതീര്‍ത്ഥമായ്‌
നീ എന്നിലേക്കൊഴുകിയെത്തുന്നു....

അകലെയെങ്കിലും കൂട്ടുകാരാ,
നിന്റെ ആ നനുത്ത കൈകളുടെ
സ്‌പര്‍ശം ഇന്നും എന്നെ
ശുദ്ധീകരിക്കുന്നതായി
എനിക്കു തോന്നുന്നു.
നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകളില്‍ഞാനിതാ
പൂത്തുലയുകയാണ്‌.

Dec 17, 2007

വയലറ്റ്‌ പൂവിന്‌

മൗനത്തിന്റെ ചക്രവാളത്തില്‍
നീയെനിക്കു എടുത്തുവെച്ച
ഭാഷയില്ലാത്ത സ്വപ്‌നങ്ങള്‍ക്ക്‌,

ഇരുണ്ട രാത്രിയിലെപ്പോഴോ തകര്‍ന്നുവീണ
നിലക്കണ്ണാടിയുടെ മായക്കാഴ്‌ചകള്‍ തന്ന
നീറ്റുന്ന നോവുകള്‍ക്ക്‌,

ശിശിരം പൊഴിച്ച മരങ്ങളുടെ
കണ്ണീരിന്‌ മുകളിലൂടെ കടന്നു പോകുമ്പോള്‍
‍അലകളിലെവിടെയോ വീണു ചിതറിയ കണ്ണൂനിര്‍തുള്ളികള്‍ക്ക്‌,

പഴകി തേഞ്ഞടര്‍ന്ന യാത്രാമൊഴികള്‍ക്ക്‌,
നീ വിട പറയുമ്പോള്‍ കൈകുമ്പിളിലവശേഷിപ്പിച്ച
തണുത്ത കൈവിരലിന്റെ നേര്‍ത്ത വിറയലിന്‌,

എന്റെ ഈ ഈറന്‍ വയലറ്റ്‌ പൂവിന്‌

ഓര്‍മ്മയില്‍ വാടിയ മന്ദാരക്കാടുകളും
കാലത്തെ സ്‌‌പര്‍ശിക്കാതെപോയ എന്റെ സ്വപ്‌നങ്ങളും
ഇതേ എനിക്കു തരാനുള്ളു, ഇത്ര മാത്രം.