Apr 8, 2008

എന്റെ ബാല്യകാല സൂഹൃത്ത്‌ജീവിതത്തില്‍ ആദ്യകൂട്ട്‌ അവനായിരുന്നു. ടിപ്പു. ശരീരം നിറയെ രോമങ്ങളുള്ള, സുന്ദരനായ ഒരു ബോമേറിയന്‍ നായക്കുട്ടി. മിടുക്കന്‍. ആരുമായും പെട്ടെന്നിണങ്ങും. നല്ല അനുസരണശീലം. എന്റെ മൂന്നാം വയസ്സിലാണ്‌ അവന്‍ ഞങ്ങളുടെ തറവാടു വീടിന്റെ ഉമ്മറപടി കയറി വന്നത്‌.
.
രണ്ടു ദിവസങ്ങള്‍ക്കകം തന്നെ അച്ഛനേയും അമ്മയേയും അച്ഛമ്മയേയും പാപ്പന്‍മാരേയുമെല്ലാം കയ്യിലെടുത്തു. തറവാട്ടിലെ വല്ല്യ കുട്ടി എന്ന രീതിയില്‍ എനിക്കുമാത്രമായി കിട്ടിയിരുന്ന എല്ലാ പ്രത്യേക പരിഗണനകളും അവന്‍ വന്നതോടെ ഇല്ലാതായി. അവന്‍ അവന്റേതായ രീതിയില്‍ സ്‌റ്റാറായി. വീട്ടു വളപ്പില്‍ അതിക്രമിച്ചു കയറുന്നവരേയൊക്കെ അവന്‍ കുരച്ചു ചാടി പേടിപ്പിച്ചു വിടും വീട്ടില്‍ വരുന്ന അതിഥികള്‍ക്ക്‌ ഷെയ്‌ക്‌ഹാന്റ്‌ കൊടുത്തും കിച്ചാപ്പന്‍ (അച്ചന്റെ അനിയന്‍) കൊടുക്കുന്ന കം ഹിയര്‍, ഗോ തുടങ്ങിയ ഇംഗ്ലീഷ്‌ കമന്റുകള്‍ കേട്ടും അനുസരിച്ചും അവന്‍ ഒരു സായിപ്പായി.
.
ആ വീ‌ട്ടില്‍ എനിക്കു മാത്രമായി കിട്ടിയിരുന്ന സ്‌നേഹവും കരുതലും സ്വാതന്ത്ര്യവും സ്വാതന്ത്ര്യമില്ലായ്‌മയുമെല്ലാം അവനും പങ്കിട്ടു. തറവാടു വീട്ടില്‍ എന്റെ പാദസരം കിലുങ്ങിയ മൂലകളിലെല്ലാം അവനും കയറിവന്നു, ഒരിടമൊഴികെ. പടിഞ്ഞാറ്റിയിലെ പൂജാമുറി. ഈശ്വരന്‍മാരും കാരണവന്‍മാരും വസിച്ചിരുന്ന ആ മുറിയില്‍ ഒരിക്കലും അവന്‌ പ്രവേശിക്കാനായില്ല. സന്ധ്യക്ക്‌ പടിഞ്ഞാറ്റിയില്‍ കയറി ഞാന്‍ നാമം ജപിക്കുമ്പോള്‍ അവന്‍ പടിഞ്ഞാറ്റിക്കു പുറത്തു കാവലിരിക്കും. എന്റെ നാമജപം നീളുമ്പോള്‍ അവന്‍ പുറത്ത്‌ അസ്വസ്ഥനാവാന്‍ തുടങ്ങും."ഇവളുടെ ഒരു അഹങ്കാരം" - എന്നു മുരളും
.
ഞങ്ങള്‍ക്കിടയില്‍ ഇടക്കിടെ ഭീകരമായ വഴക്കുകള്‍ നടന്നിരുന്നു. ദേഷ്യം വരുമ്പോള്‍ ഞാനവന്റെ ചെവി പിടിച്ചു വലിക്കും, തലക്കിട്ടു കിഴുക്കും. അവനും വിട്ടു തരില്ല. ചീളുപോലുള്ള നഖം കൊണ്ട്‌ അവനെന്നെ മാന്തും. അപ്പോള്‍ കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുമെങ്കിലും അതു കഴിഞ്ഞുള്ള നിമിഷങ്ങള്‍ എന്റേതായിരുന്നു. -`ടിപ്പു എന്നെ മാന്തി അവനെന്നെ കടിച്ചു.' എന്നൊക്കെ അച്ഛനോടു പരാതി പറയും അതിന്റെ പേരില്‍ അവനിട്ട്‌ നാലു തല്ലു വെച്ചു കൊടുക്കുമ്പോള്‍ അതില്‍ സന്തോഷിക്കാനൊക്കെ ഞാനാ നിമിഷങ്ങള്‍ പ്രയോജനപ്പെടുത്തി.വഴക്കുകളും പിണക്കങ്ങളുമൊക്കെ പതിവായിരുന്നെങ്കിലും അവനായിരുന്നു എന്റെ ഒരേയൊരു സുഹൃത്ത്‌. എന്റെ ഭാഷ അവന്‍ മനസ്സിലാക്കുന്നുവെന്ന്‌ അന്നു ഞാന്‍ വിശ്വസിച്ചു. ഇന്നും അങ്ങിനെ തന്നെ. എന്റെ വിശേഷങ്ങള്‍ക്ക്‌ അവന്‍ എന്നും കാതു തന്നിരുന്നു. എന്റെ ഭാഷ ഈ ഭൂമിയില്‍ മറ്റാരേക്കാളും നന്നായി അവന്‍ മനസ്സിലാക്കിയിരുന്നു. .
അമ്മകുട്ടിയായ്‌ ജീവിച്ചു കൊതി തീരും മുമ്പേ ആ സ്‌നേഹം പകുക്കാന്‍ വന്ന അനിയത്തികുട്ടിയെകുറിച്ച്‌ പരാതി പറയാന്‍..... എന്നേയാരും ശ്രദ്ധിക്കുന്നില്ലെന്ന്‌ പരിഭവം പറയാന്‍... ഒക്കെ അവനായിരുന്നു എനിക്ക്‌ കൂട്ട്‌.ഇടവഴി കടന്ന്‌ മുള്ളുവേലി നൂണ്ട്‌ ആരും കാണാതെ അടുത്ത വീട്ടിലെ ഇന്നമ്മമാരുടെ വീട്ടിലേക്ക്‌ സവാരി പോകാനും ഇല്ലക്കുളത്തിലെ മീനുകള്‍ക്ക്‌ തീറ്റയെറിയാന്‍ പോകുമ്പോളൊക്കെ അവനായിരുന്നു എന്റെ സന്തത സഹചാരി.
.
ആയിടക്കാണ്‌ അച്ഛന്‍ എന്നെ കൊണ്ടു പോയി സ്‌കൂളില്‍ ചേര്‍ത്തത്‌. പിന്നെ ടിപ്പുവിന്റെ കൂടെ ചുറ്റി നടക്കാന്‍ ആളില്ലാതായി അതോടെ അവനും കുട്ടിക്കളി മാറി കൂറേകൂടി സീരിയസ്സായി ഗൃഹഭരണത്തില്‍ ശ്രദ്ധിച്ചു തുടങ്ങി. ഉച്ചഭക്ഷണം കഴിക്കാന്‍ ഞാന്‍ വീട്ടിലെത്തുമ്പോള്‍ അവന്‍ എനിക്കായ്‌ വേലിക്കരികില്‍ കാത്തിരിക്കും. ഭക്ഷണശേഷം സ്‌കൂള്‍ ബെല്‍ മുഴങ്ങുമ്പോള്‍ ഓടിയിറങ്ങുന്ന എന്നെ ഇടവഴിയോളം അവനും അനുഗമിക്കും. അങ്ങിനെ എന്റെ സ്‌കൂള്‍ ജീവിതത്തോട്‌ അവനും പൊരുത്തപ്പെട്ടു. എന്നാലും അവധി ദിവസങ്ങളില്‍ ഞങ്ങള്‍ തകര്‍ത്തടുക്കി. തെക്കേ പറമ്പിലെ പുളിമരത്തിന്റെ കൊമ്പുകള്‍ കുറഞ്ഞു കുറഞ്ഞു വന്നു. പുളിവടി ചുറ്റി എന്റെ കാലുകള്‍ ചുവന്നു തുടുത്തു. എനിക്കു കിട്ടുന്നതിന്റെ പാതി അവനും അവകാശപ്പെട്ടതായിരുന്നതുകൊണ്ട്‌ എന്റെ കരച്ചിലിന്റെ വോളിയം ഒരിക്കലും തറവാട്ടു വളപ്പിന്റെ പടി കടന്നു പോയില്ല. നാലതിര്‍ത്തികളില്‍ തട്ടി അത്‌ എന്നിലേക്കു തന്നെ തിരിച്ചുവന്നു കൊണ്ടിരുന്നു. അടിപാടുകള്‍ ഏറ്റു വാങ്ങി പടിഞ്ഞാറെ മുറ്റത്തെ അമ്മച്ചി പ്ലാവിനു കീഴേ ഇരിക്കുമ്പോള്‍ എന്റെ തടിച്ചു തിണര്‍ത്ത കാലുകള്‍ കാണിച്ച്‌ ഞാനവനോടു സങ്കടം പറയും : "നിന്നെ അച്ഛന്‍ മെല്ലെയല്ലെ തല്ലിയുള്ളു, ഇതു നോക്കൂ.. എന്റെ കാല്‌..."
.
അവന്റെ പഞ്ഞി കെട്ടു ശരീരത്തിലാവും പലപ്പോഴും എന്റെ കണ്ണുനീര്‍ വീണു ചിതറുക. അപ്പോള്‍ ആ വെള്ള രോമകെട്ടിനകത്തെ ആ ശരീരവും വല്ലാതെ നൊന്തിരിക്കുന്നു എന്ന്‌ ഞാനാ കണ്ണുകള്‍ നോക്കി തിരിച്ചറിയും. ഒരു കെട്ടിപ്പിടിക്കല്‍, അല്ലെങ്കില്‍ ഒരോട്ടം അതു മതിയായിരുന്നു ഞങ്ങള്‍ക്കാ കുഞ്ഞു സങ്കടത്തില്‍ നിന്നും രക്ഷപ്പെടുവാന്‍.
.
ഒരു മനുഷ്യകുട്ടിയെന്നോ നായകുട്ടിയെന്നോ ഉള്ള വ്യത്യാസത്തിന്റെ വലിയ അര്‍ത്ഥങ്ങളൊന്നും അറിയാതെ അങ്ങിനെ ഞ്‌ങ്ങള്‍ വളര്‍ന്നു... സുഹൃത്തുക്കളായി... സന്തോഷത്തോടെ.. ഒരു വീടിനു കീഴെ... ഒരേ സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍... പക്ഷെ അവന്റെ സുഹൃത്തായി ഒരുപാടു നാള്‍ കഴിയാന്‍ എന്റെ ഭാഗധേയം എന്നെ അനുവദിച്ചില്ല.ഇടക്കെപ്പോഴോ നാട്ടില്‍ പേപ്പട്ടി ശല്യം രൂക്ഷമായി. എന്റേയും അവന്റേയും ഊരു തെണ്ടലുകള്‍ക്ക്‌ വീട്ടുകാര്‍ വിലക്കേര്‍പ്പെടുത്തി. അവന്റെ കഴുത്തില്‍ അങ്ങിനെ ആദ്യമായി തുകലു വീണു. എന്റെ സ്‌കൂള്‍ യാത്രകള്‍ക്ക്‌ ആളകമ്പടിയായി. അറ്റം കാണാത്ത നാട്ടുവഴികളില്‍ ഓടി കളിച്ച അവന്‌ പെട്ടെന്നുള്ള അസ്വാതന്ത്ര്യം സഹിക്കാന്‍ പറ്റാതായി. അവന്‍ അനുസരണക്കേടു കാണിക്കാന്‍ തുടങ്ങി.
.
ഒരു ദിവസം എല്ലാവരും ബന്ധുവിട്ടില്‍ കല്ല്യാണത്തിനു പോയതായിരുന്നു. വീട്ടില്‍ അച്ഛമ്മയും ടിപ്പുവും മാത്രം. സ്‌കൂളില്‍ നി്‌ന്നും ഊണു കഴിക്കാന്‍ വന്നപ്പോള്‍ തനിച്ചു തിരിച്ചു പോവാന്‍ അച്ഛമ്മ അനുവദിച്ചില്ല. എന്നെ സ്‌കൂളിലാക്കാന്‍ വന്ന അച്ഛമ്മക്കൊപ്പം അവനും കൂടി. അമ്പലത്തിനടുത്തുള്ള കുറുക്കു വഴിയിലൂടെ അവനും ഞങ്ങളെ അനുഗമിച്ചു. കൂറേ കഴിഞ്ഞപ്പോള്‍ അച്ഛമ്മ അവനോടു തിരികെ പോവാന്‍ ആവശ്യപ്പെട്ടു. അവന്‍ കേട്ടില്ല, ദേഷ്യം വന്നപ്പോള്‍ അച്ഛമ്മ വടിയെടുത്ത്‌ അവനെ ഓടിച്ചു വിട്ടു. ദേഷ്യത്തോടേയും പരിഭവത്തോടേയും അവന്‍ തിരിഞ്ഞോടിപോയി. എനിക്ക്‌ അച്ഛമ്മയോട്‌ ദേഷ്യം തോന്നി.അന്നു വൈകിട്ട്‌ സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ എന്നെ അവന്റെ കൂട്ടിനടുത്തേക്കു പോവാന്‍ ആരും അനുവദിച്ചില്ല. അച്ഛമ്മ ഓടിച്ചു വിട്ടപ്പോള്‍ അവന്‍ ചെന്നു പെട്ടത്‌ പേപ്പട്ടികള്‍ക്കിടയിലാണെന്നും. അവ അവനെ കടിച്ചു മുറിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു. ശരീരം നിറയെ മുറിവുമായി അവശനായി കിടക്കുന്ന അവനരികിലേക്ക്‌ പോകാന്‍ ഞാന്‍ വാശി പിടിച്ചപ്പോള്‍ അമ്മ എന്റെ കാത്‌ പൊന്നാക്കി.ഒരാഴ്‌ചക്കാലം പിന്നെ ഞങ്ങളുടെ ചങ്ങാത്തത്തിന്‌ വിലക്ക്‌.
.
പൂമുഖത്തിരുന്ന്‌ ഏഴടി ദുരെ കൂട്ടില്‍ കിടക്കുന്ന അവന്റെ ദയനീയ രൂപത്തെ നോക്കി അങ്ങിനെ ഏഴുനാള്‍....അവന്റെ അസുഖം ഭേദമാവുമെന്നും ഞങ്ങളിരുവരും പഴയ പോലെ മുള്ളു വേലി നൂണ്ട്‌ ഇന്നമ്മമാരുടെ ആലയിലേക്കും ഇല്ലക്കുളത്തിലെ മല്‍സ്യങ്ങളെ ഊട്ടാനും പോവുമെന്ന്‌്‌ ഞാന്‍ സ്വപ്‌നം കണ്ടു. ആ നാട്ടുവഴികളില്‍ അവനൊപ്പം ഓടിക്കളിക്കുന്ന നാളുകള്‍ സ്വപ്‌നം കണ്ട്‌ ഞാനുണര്‍ന്നു.ടിപ്പുവിനെ കാണാന്‍ ആരൊക്കെയോ വന്നു. ഡോക്ടര്‍ അവനെ പരിശോധിച്ചു, മരുന്നു കൊടുത്തു. അവന്‍ വളരെ ക്ഷീണിതനായിരുന്നു എന്നാലും എന്റെ സ്വപ്‌നം പുലരാതിരിക്കില്ലെന്ന്‌ ഞാന്‍ വിശ്വസിച്ചു.
.
ഒരു ഞായറാഴ്‌ച ഒരിക്കലും കിച്ചാപ്പനു മാപ്പു കൊടുക്കാന്‍ പറ്റാത്ത ദിവസമായിരുന്നു. അന്നു പതിവിനു വിപരീതമായി അറിയാത്ത ഒരുപാടു പേര്‍ വീട്ടില്‍ വന്നു. കറുത്തു തടിച്ച്‌ ശരീരമാസകലം രോമമുള്ള ഭീമാകാരനായ ഒരു മനുഷ്യനും അന്നു വീട്ടില്‍ വന്നിരുന്നു. അയാളെ കണ്ടപ്പോള്‍ എനിക്കു ഭയമായി. അയാളുടെ കയ്യിലെ വലിയ സിറിഞ്ച്‌്‌, അതെന്നെ വല്ലാതെ പേടിപ്പിച്ചു. മനസ്സില്‍ ഒരു ദു:സൂചന പിടഞ്ഞു. ബഹളം വെച്ചു കരഞ്ഞ എന്നേയും അനിയത്തിയേയും ഒടുവില്‍ പാപ്പന്‍ തെക്കെ അകത്തിട്ടു പൂട്ടി."ചേച്ചീ, നമ്മുടെ ടിപ്പുവിനെ അവരു കൊല്ലുമോ" -എന്റെ ഉടുപ്പില്‍ തൂങ്ങി തേങ്ങികൊണ്ട്‌ അനിയത്തി ചോദിച്ചു. ആദ്യമായി അപ്പോള്‍ എനിക്കവളോട്‌ വല്ലാത്തൊരിഷ്ടം തോന്നി. എന്റെ ടിപ്പുവിനെ ഓര്‍ത്തു കരയാന്‍ ഒരാളെങ്കിലുമുണ്ടായല്ലൊ. അവളെ കെട്ടിപ്പിടിച്ചു ഞാന്‍ തേങ്ങി.
.
അപ്പോഴാണ്‌ തെക്കെ മുറ്റത്ത്‌ കാല്‍ പെരുമാറ്റം കേട്ടത്‌. ജനല്‍ പതിയെ തള്ളിയപ്പോള്‍ അതു താനെ തുറന്നു. കിച്ചാപ്പന്റെ മടിയില്‍ തളര്‍ന്നു കിടക്കുന്ന ടിപ്പുവിന്റെ തുടയില്‍ സിറിഞ്ചാഴ്‌ത്തുന്ന രാക്ഷസ രൂപമാണ്‌ കണ്ടത്‌. അനിയത്തി അലറി കരഞ്ഞു. ഞങ്ങളുടെ കരച്ചില്‍ കേട്ടാണെന്നു തോന്നുന്നു ടിപ്പു പിടച്ചു, ഞങ്ങളെ നോക്കി. ദൈന്യത നിറഞ്ഞ അവന്റെ മുഖം എന്നോടെന്താണാവോ പറഞ്ഞത്‌ ? ആരോ ജനല്‍ അപ്പോഴത്തേക്കും പുറത്തു നിന്നും അടച്ചു. അന്നു വൈകുന്നേരത്തോടെ ടിപ്പു ഓര്‍മ്മയായി.തറവാടു വീടിന്റെ വടക്കു പടിഞ്ഞാറായി അവന്‌ എല്ലാവരും ചേര്‍ന്ന്‌ കുഴിയൊരുക്കി. നിറയെ പട്ടകളുള്ള ഒരു ഈന്തുമരത്തിനു കീഴെ അവനുറങ്ങി കിടന്നു. പിന്നീടൊരിക്കലും അവനെനിക്കൊപ്പം ഓടി കളിക്കാന്‍ വന്നില്ല.
.
അവന്‍ പോയതോടെ വിട്ടിലെ ആരോ എങ്ങോ പോയതു പോലെ... വീട്ടിലാരും ചിരിക്കാതായി. അവനെ കൊന്നവരോടുള്ള പക മനസ്സില്‍ പെരുകുമ്പോള്‍ തന്നെ ഞാനറിഞ്ഞു. അവനില്ലാതെ ആ വീട്ടില്‍ ആര്‍ക്കും സന്തോഷിക്കാനാവില്ല എന്ന്‌..... ഗൗരവത്തിന്റെ മുഖംമൂടിയണിയുമ്പോഴും അവനെക്കുറിച്ചോര്‍ത്ത്‌ ആരൊക്കെയോ ആ വീട്ടില്‍ ആരുമറിയാതെ തേങ്ങുന്നുണ്ടെന്ന്‌‌... കുട്ടിയായതുകൊണ്ട്‌ ആളുകള്‍ക്ക്‌ മുമ്പിലും വാവിട്ടു കരയാനുള്ളു സ്വാതന്ത്ര്യം സമൂഹം എനിക്കു തന്നിരുന്നു. മുതിര്‍ന്നു പോയി എന്ന ഒറ്റ കാരണം കൊണ്ട്‌ അവര്‍ക്കില്ലാതെ പോയതും അതു തന്നെ.... മുതിര്‍‌ന്നവര്‍ കരയാന്‍ പാടില്ല എന്നുണ്ടോ ? ഉള്ളു പിടക്കുമ്പോഴും ഗൗരവത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ മസിലു പിടിച്ചു നില്‍ക്കണമെന്ന്‌ ഈ മുതിര്‍ന്നവരെ ആരാണ്‌ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്‌ ? പറഞ്ഞതാരായാലും ആ ഫിലോസഫി എനിക്കു പിടിക്കില്ല കരച്ചില്‍ വരുമ്പോള്‍ കരയണം. ചിരി വരുമ്പോള്‍ പൊട്ടിചിരിക്കുകയും... പിന്നീടൊരു ഭ്രാന്തിലേക്ക്‌ നയിക്കാതിരിക്കാന്‍ അതു സഹായിക്കുകയേ ഉള്ളൂ.
.
സ്‌കൂള്‍ വിട്ടു വരുന്ന വൈകുന്നേരങ്ങളില്‍ ഞാന്‍ അവനെ അടക്കം ചെയ്‌തിടത്ത്‌ പോയിരുന്നു..... സ്‌കൂളിലെ വിശേഷങ്ങള്‍ പറഞ്ഞു... അവനില്ലാത്ത ആ വീട്ടില്‍ എന്റെ വിശേഷങ്ങള്‍ക്കു കാതു തരാന്‍ വേറെയാരുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ടു പോവുന്നതിന്റെ വേദന.. വിങ്ങല്‍... എല്ലാം അവനോടു ഏറ്റു പറഞ്ഞു കരഞ്ഞു. രാത്രികളില്‍ അവനെ സ്വപ്‌്‌നം കണ്ടുണര്‍ന്നു.പതിയെ പതിയെ ഞാനവനെ മറക്കാന്‍ തുടങ്ങി. ക്ലാസ്സില്‍ പുതിയ സുഹൃത്തുക്കളായി..
.
അവന്റെ കുഴിമാടത്തിലേക്കുള്ള യാത്ര മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ ആയി മാറി. പിന്നീടെപ്പോഴോ ഞാനവനെ പാടെ മറന്നു.ഏഴു വര്‍ഷങ്ങള്‍ക്കപ്പുറം തറവാട്ടു വളപ്പില്‍ തന്നെ വീടെടുക്കാന്‍ അച്ഛന്‍ തീരുമാനിച്ചപ്പോള്‍ വീടിനു തറയിടാന്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തായിരുന്നു അവന്റെ കുഴിമാടം. അന്നു ഞാന്‍ വീണ്ടും ടിപ്പുവിനെ ഓര്‍ത്തു. തറയിടാനായി അതിനടുത്തു നിന്നിരൂന്ന ഒരു പേരാല്‍ മുറിച്ചു മാറ്റിയപ്പോഴും ആ പേരാലിനു ചുവട്ടില്‍ എത്രയോ തവണ ഞങ്ങള്‍ വന്നിരുന്നു പണ്ട്‌.ഇപ്പോഴും പല രാത്രികളിലും ഉറക്കമില്ലാതെ തിരിഞ്ഞുമറിഞ്ഞു കിടക്കുമ്പോള്‍ ടിപ്പുവിനെ ഓര്‍ക്കും. എന്റെ റൂമിന്‌ എട്ടടി മാത്രം ദൂരെ മണ്ണിനടിയില്‍ അവനും കിടക്കുന്നുണ്ട്‌. ചിലപ്പോള്‍ തോന്നും ആ മണ്ണില്‍ ചെവിയമര്‍ത്തി കിടന്ന്‌ അവനു പറയാനുള്ളത്‌ കേള്‍ക്കണമെന്ന്‌. ബാല്യത്തില്‍ അവനെ കൂടാതെ ചങ്ങാതിമാര്‍ ആരുമില്ലായിരുന്ന ആ പഴയ പെണ്‍കുട്ടി വളര്‍ന്നപ്പോള്‍ ജീവിതത്തില്‍ സമ്പാദ്യമായി നേടിയത്‌ ആയിരാമായിരം സൗഹൃദങ്ങള്‍ മാത്രമാണെന്ന്‌ അവനോടു പറയണമെന്ന്‌....
.
അവനതൊന്നും മനസ്സിലാവാതിരിക്കില്ല. എന്നു മുതല്‍ കാണാന്‍ തുടങ്ങിയതാ അവനെന്നെ... എത്ര നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍...അവന്‍ യാത്രയായയതോടെ, കുട്ടിക്കാലത്തൊരു നായകുട്ടിയെ വാങ്ങിതരാന്‍ എത്രയോ തവണ വാശി പിടിച്ചിരുന്നു, എന്തുകൊണ്ടോ അന്ന്‌ അതിനാരും സമ്മതിച്ചില്ല. അന്നെന്നല്ല ഇന്നും മറ്റൊരു വളര്‍ത്തുമൃഗത്തെ സങ്കല്‍പിക്കാന്‍ അവര്‍ക്കാര്‍ക്കും ഇഷ്ടമില്ല. അവനു പകരമാവുമോ മറ്റൊന്ന്‌്‌ എന്ന്‌ പണ്ടൊരിക്കല്‍ അമ്മ ചോദിച്ചു. അന്നെനിക്കാ ചോദ്യത്തിന്റെ വ്യാപ്‌തി മനസ്സിലായിരുന്നില്ല. പക്ഷേ ഇന്ന്‌ ഞാനറിയുന്നു ആര്‍ക്കും ആരും പകരമാവില്ല. ടിപ്പുവിന്‌ പകരമാവാന്‍ മറ്റൊരു നായക്കുട്ടിക്കു കഴിയില്ല. അല്ലെങ്കിലും ഞങ്ങളുടെ നായക്കുട്ടി കേവലം ഒരു നായക്കുട്ടി മാത്രമായിരുന്നില്ലല്ലൊ. അവനിതിലും അപ്പുറം എന്തൊക്കെയോ ആയിരുന്നു.മറ്റൊരു നായകുട്ടിയെ അന്ന്‌ അച്ഛന്‍ വാങ്ങി തരാതിരുന്നത്‌ എത്ര നന്നായി. ഒരു പക്ഷെ അങ്ങിനെയൊരാള്‍ വന്നിരുന്നുവെങ്കില്‍ ഞാന്‍ സ്‌നേഹിച്ചു പോയേനെ അവനെ... അതു കണ്ട്‌ എന്റെ ടിപ്പു സങ്കടപ്പെട്ടേനെ... അവന്റെ കൂട്ടുകാരിയുടെ സ്‌നേഹം പകുത്തെടുത്തു പോവുന്നത്‌ അവനു സഹിക്കാന്‍ കഴിയുന്നതെങ്ങിനെ.... ഇല്ല കഴിയില്ല.. അറിയാമെനിക്കത്‌.
.
ചില സൗഹൃദങ്ങള്‍ വളരെ സ്വാര്‍ത്ഥമാണ്‌‌, പ്രണയത്തേക്കാളും. ജീവിതത്തില്‍ എത്രയോ തവണ അറിഞ്ഞു ഞാനത്‌.അവനോടുള്ള ഇഷ്ടത്തില്‍ ഇന്നും പഞ്ഞികെട്ടിന്റെ മൃദുലതയാണ്‌. ആ ഇഷ്ടമാവാം എന്റെ സ്വകാര്യ ശേഖരത്തില്‍ രോമക്കുട്ടന്‍മാരായ ബൊമ്മകുട്ടികള്‍ കുന്നു കൂടാന്‍ കാരണം.... അല്ലെങ്കില്‍ എന്റെ ടിപ്പു സുല്‍ത്താന്റെ ഓര്‍മ്മക്കായ്‌ ഞാന്‍ അറിയാതെ കരുതിവെക്കുന്നതാവാം. ഈ സോഫ്‌റ്റ്‌ ഡോളുകളത്രയും... എന്റെ ബാല്യത്തിന്റെ ഓര്‍മ്മക്ക്‌, നാളെ എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ ഏറെ വിലപിടിച്ച ഒരു സമ്മാനം.... അവനിലൂടെ ഞാനറിഞ്ഞ ഒരു ലോകത്തിന്റെ ഓര്‍മ്മക്കായ്‌... വാക്കുകളില്ലാത്ത അവന്റെ സ്‌നേഹത്തിന്റെ ഓര്‍മ്മക്കായ്‌....

12 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആമീ വളരെ നന്നായിട്ടുണ്ട്..
ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹം പകര്‍ന്നു നല്‍കാന്‍ നായകുട്ടിയെങ്കിലും ഉണ്ടായിരുന്നല്ലൊ ബാല്യകാലത്തില്‍..ആമിക്ക്.
ഞാനും എന്റെ ബാല്യത്തിലേയ്ക്ക് ആഴ്ന്നിറങ്ങി..
നായക്കുട്ടിയുടെ രൂപത്തില്‍ നല്ലൊരു സൌഹൃദത്തെ ഇവിടെ വരച്ചുകാട്ടിയിട്ടുണ്ട് എഴുതുക ഇനിയും ഭാവുകങ്ങള്‍.
അല്ലെങ്കില്‍ ഒരുനായ ആണെങ്കില്‍ കൂടിയും ആരും ആര്‍ക്കും പകരമാകില്ല അത് വാസ്തവം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില നല്ല ഓര്‍മ്മകള്‍...

Dinkan-ഡിങ്കന്‍ said...

“സാരമേയം” :)
കൊള്ളാം ധന്യാ

ഹരീഷ് തൊടുപുഴ said...

കൊള്ളാം ആമീ........ ഞാനും എണ്ടെ ബാല്യത്തിലേക്കു തിരിച്ചു പോയീ...എനിക്കും ഇതേ പേരില്‍ ഒരു ബാല്യകാലസുഹ്രുത്ത് ഉണ്ടായിരുനു...

neervilakan said...

നന്നായിട്ടുണ്ട്..
നായകുട്ടിയെങ്കിലും ഉണ്ടായിരുന്നല്ലൊ ആമിക്ക്.
ഞാനും എണ്ടെ ബാല്യത്തിലേക്കു തിരിച്ചു പോയീ
ഭാവുകങ്ങള്‍.

ബാജി ഓടംവേലി said...

നല്ല വിവരണം...
അഭിനന്ദനങ്ങള്‍.....

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അദ്യം വായിച്ചു വന്നപ്പോള്‍ വലിയ സന്തോഷം തോന്നി മനുഷ്യരേക്കാള്‍ സേഹമുള്ളത് മീണ്ടാ പ്രാണിക്കള്‍ക്കാന്നു പറയും .എനീക്കു ഒരു പൂച്ച കുട്ടിയുണ്ടായിരുന്നു പുസി എന്നായിരുന്നു അവളുടെ പേരു ഒരിക്കല്‍ എങ്ങു നിന്നോ വന്ന ഒരു ഇത്തി കണ്ടപ്പന്‍ അവളുമായി ലൈനായി അവര്‍ ഒളിച്ചോടി.ഞാന്‍ അവള്‍ക്കെന്നും ബിസ്ക്കറ്റും പാലുമൊക്കെ വാങ്ങി കൊടുക്കുമായിരുന്നു.ഒരു സുപ്രഭാതത്തില്‍ കോട്ടയം-ഏറണാകുളം ഹൈവെയില്‍ അവള്‍ മരിച്ചു കിടക്കുന്നു.അതില്‍ പിന്നെ വീട്ടില്‍ പൂച്ചയെ എന്നല്ല ഒരു ജന്തുവിനെയും വളര്‍ത്തിട്ടില്ല

പാമരന്‍ said...

ഇഷ്ടപ്പെട്ടു. എനിക്കു പൊതുവേ പട്ടികളെ ഇഷ്ടമല്ല. പക്ഷേ ഈ വിവരണം ഉഗ്രന്‍. നിങ്ങളുടെ ചിന്തകള്‍ വായിക്കുന്നവനിലേക്കു പകരാന്‍ കഴിഞ്ഞിട്ടുണ്ട്.

ദ്രൗപദി said...

ആമീ..
നന്നായിട്ടുണ്ട്‌...

തുടരട്ടെ..
ശക്തമായ എഴുത്ത്‌...

ആശംസകള്‍...

ശ്രീ said...

വളരെ മനോഹരമായ ഒരു ഓര്‍മ്മക്കുറിപ്പ്. ഒഴുക്കോടെ വായിച്ചു തീര്‍ത്തു.
സ്നേഹവും സൌഹൃദവും പങ്കു വയ്ക്കാന്‍ മനുഷ്യര്‍ തന്നെ വേണമെന്നില്ല. വായിച്ചു വന്നപ്പോള്‍ പാവം ടിപ്പുവിനെ ഓര്‍ത്ത് കണ്ണു നിറഞ്ഞു.

ranjeet said...

മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന വാക്കുകള്‍... വാക്കുകളിലെ ഈ പവിത്രത ഒരിക്കലും കൈമോശം വരുത്താതെ സൂക്ഷിക്കുക ഇത് വായിച്ച ഓരോരുത്തരും അവരുടെ ബാല്യത്തിലേക്ക് തിരികെപ്പൊയത് മറ്റൊന്നും കൊ‍ണ്ടല്ല ചിന്തകളിലെ, അതുവരച്ചെടുത്ത വാക്കുകളിലെ, നിര്‍മ്മലത ഒന്നുകൊണ്ടുമാത്രമാണ് ഭാവുകങ്ങള്‍

മങ്ങാടന്‍ said...

എന്തിനാ........... . എന്നെ കരയിക്കുന്നെ?
എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു സുഹൃത്ത്‌അകാലത്തില്‍ നഷ്ടമായ ദുഃഖം വീണ്ടും ഓര്‍ത്തു